ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും പൂർണമായി വിജയിക്കണമെന്നും,അതുവഴി ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയൊരു നാഴികക്കല്ല് സ്വന്തമാക്കുമെന്നും ഐഎസ്ആർഒ മുൻ ചെയർമാൻ എസ്.മാധവൻ നായർ. ചന്ദ്രോപരിതലത്തിൽ ആസൂത്രണം ചെയ്ത സോഫ്റ്റ് ലാൻഡിംഗ് വളരെ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമാണ്. എന്നാൽ അത് മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആർഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രയാൻ 2ന്റെ സമയത്ത് ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് ഇക്കുറി ഐഎസ്ആർഒ മുന്നോട്ട് പോയിരിക്കുന്നത്. നാല് വർഷം മുൻപ് ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചിരുന്നില്ല. എന്നാൽ ഇക്കുറി ഈ ദൗത്യം എല്ലാ അർത്ഥത്തിലും വിജയിക്കണം. അങ്ങനെ ബഹിരാകാശ പര്യവേഷണ രംഗത്തെ പ്രധാന നാഴികക്കല്ല് നാം മറികടക്കുമെന്നും” അദ്ദേഹം പറയുന്നു.
ഓഗസ്റ്റ് 23നോ 24ലോ ആണ് സോഫ്റ്റ് ലാൻഡിംഗിന് പദ്ധതി ഇടുന്നത്. അത് വളരെ ബുദ്ധിമുട്ടേറിയതും അതീവ സങ്കീർണവുമായ ഘട്ടമാണ്. കാരണം ഏതാണെന്ന് അറിയാത്ത ഒരു പ്രദേശത്തായിരിക്കും ലാൻഡിംഗ്. അതിനെ കുറിച്ച് ധാരാളം ആശങ്കകളുണ്ട്. എവിടെയെങ്കിലും ഒരു ചെറിയ പിഴവ് സംഭവിച്ചാൽ അത് വലിയ പ്രശ്‌നത്തിലേക്ക് മാറും. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള അപാകതകൾ കണ്ടെത്തുകയാണെങ്കിൽ അതിനെ തള്ളിക്കളയരുതെന്നും” അദ്ദേഹം പറയുന്നു.
Discussion about this post