ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്. കേസിന്റെ വിചാരണ അവസാനിപ്പിക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി അറിയിച്ചു.
ഹൈക്കോടതി വിധിയ്‌ക്കെതിരെ ഉടനെ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും അഭിഷേക് സിംഗ്വി അറിയിച്ചു. കേസിൽ രാഹുലിന് വേണ്ടി ഹാജരാകുന്നത് അഭിഷേക് സിംഗ്വിയാണ്.
രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു രാഹുലിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. പിന്നാക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയതിനായിരുന്നു രാഹുലിനെതിരെ കേസ് എടുത്തത്. കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതി രണ്ട് വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ 2023 മാർച്ച് 24 ന് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ അധിക്ഷേപ പരാമർശം. കള്ളന്മാർക്കെല്ലാം എങ്ങനെ മോദിയെന്ന പേരു വന്നു എന്നായിരുന്നു രാഹുൽ റാലിയിൽ ചോദിച്ചത്. ഇതിൽ ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.
Discussion about this post