ന്യൂഡൽഹി: മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ പ്രതിയായ ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ അഞ്ച് പേർക്കെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഈ കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കുറ്റപത്രമാണിത്.
ചാരിയറ്റ് പ്രൊഡക്ഷൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാജേഷ് ജോഷിയും ജീവനക്കാരായ ദാമോദർ പ്രസാദ് ശർമയും പ്രിൻസ് കുമാറും ഉൾപ്പെടെയുള്ള അഞ്ചുപേരെയാണ് കുറ്റപത്രത്തിൽ ഉൾപെടുത്തിയത്.
ഇന്ത്യ എഹെഡ് ന്യൂസിന്റെ ക്രിയേറ്റീവ് ഹെഡ് അരവിന്ദ് കുമാർ സിംഗ്, ആം ആദ്മി പാർട്ടി വോളണ്ടിയർ ചൻപ്രീത് സിംഗ് റായത്ത് എന്നിവരെയും ഉൾപെടുത്തിയിട്ടുണ്ട്.
അഴിമതിയിലൂടെ സ്വരൂപിച്ച ഫണ്ട് എഎപിയുടെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വകമാറ്റിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
എക്‌സൈസ് നയത്തിൽ ഭേദഗതി വരുത്തൽ, ലൈസൻസിന് അനർഹമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്, അനുമതിയില്ലാതെ എൽ-1 ലൈസൻസ് നീട്ടൽ തുടങ്ങി ക്രമക്കേടുകൾ നടന്നതായും ആരോപണമുയർന്നിരുന്നു.
Discussion about this post