ഹൈദരാബാദ്: രാജ്യത്തിന്റെ അഭിമാനവുമായി വാനിലേക്ക് കുതിച്ച് ചാന്ദ്രയാൻ മൂന്ന്. ഉച്ചയ്ക്ക് കൃത്യം 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. അടുത്ത മാസം ചാന്ദ്രപര്യവേഷണ വാഹനം ചന്ദ്രോപരിതലത്തിൽ ഇറങ്ങും.
സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. എൽവിഎം 3 റോക്കറ്റാണ് ചാന്ദ്രയാൻ മൂന്നുമായി കുതിച്ചുയർന്നത്. 16 മിനിറ്റിനുള്ളിൽ എൽവിഎം 3 ഭൂമിയുടെ ഭ്രഹ്മണപഥത്തിൽ എത്തും.
വിക്ഷേപണത്തിന് 200 സെക്കന്റിന് ശേഷം ഉപഗ്രഹത്തെ സംരക്ഷിക്കുന്ന കവചം മാറി. 307ാ മത്തെ സെക്കന്റിൽ ക്രയോജനിക് സാങ്കേതിക വിദ്യ പ്രവർത്തിച്ച് തുടങ്ങി.
40 ദിവസത്തിന് ശേഷമാകും ചാന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുക. ഇവിടെയെത്തി വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ മാത്രമേ ദൗത്യം പൂർണതയിൽ എത്തൂ. അടുത്ത മാസം 23 നോ 24 നോ ചന്ദ്രന്റെ ഉപരിതലത്തിൽ ചാന്ദ്രയാൻ മൂന്ന് എത്തുമെന്നാണ് വിവരം. ചന്ദ്രന്റെ ദക്ഷിണ ഭാഗത്താണ് ചാന്ദ്രയാൻ ഇറങ്ങുക.
ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണ ഭാഗത്ത് ഒരു ചാന്ദ്രപേടകം ഇറങ്ങുന്നത്.
Discussion about this post