ന്യൂഡൽഹി: നാവിക സേനക്ക് വേണ്ടി 26 റഫാൽ മറൈൻ പോർവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ഡി എ സി അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ് കോടികൾ വിലമതിക്കുന്ന ഈ പ്രതിരോധ സമാഹരണ കരാർ.
ഫ്രാൻസ് ഇന്ത്യക്ക് സാങ്കേതികമായി കൈമാറുന്ന സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ മുംബൈയിലെ മസഗൺ ഡോക്കിലായിരിക്കും നിർമ്മിക്കുക. 2005 ഒക്ടോബർ മാസത്തിലാണ് ഫ്രഞ്ച് പ്രതിരോധ വകുപ്പിൽ നിന്നും ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ സ്വായത്തമാക്കുന്നത്. 3.75 ബില്ല്യൺ ഡോളറിന്റെ കരാറായിരുന്നു പ്രൊജക്ട്-75 എന്ന ഈ പദ്ധതിയുടെ മൂല്യം.
അതേസമയം, പദ്ധതിക്ക് കീഴിലെ ആദ്യ അന്തർവാഹിനി പുറത്തിറങ്ങിയത് 2012ൽ മാത്രമായിരുന്നു. ഏഴ് വർഷമാണ് ഉന്നതതലങ്ങളിലെ മെല്ലെപ്പോക്ക് കാരണം പദ്ധതി ഇഴഞ്ഞത്. എന്നാൽ, 2017നും 2021നും ഇടയിൽ അഞ്ച് അന്തർവാഹിനികളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഐ എൻ എസ് കാൽവരി, ഐ എൻ എസ് ഖണ്ഡേരി, ഐ എൻ എസ് കരഞ്ജ്, ഐ എൻ എസ് വേല എന്നിവയ്ക്ക് പിന്നാലെ, ഈ പദ്ധതിക്ക് കീഴിലുള്ള അഞ്ചാമത്തെ അന്തർവാഹിനിയായ ഐ എൻ എസ് വാഗീർ കഴിഞ്ഞ ജനുവരിയിൽ കമ്മീഷൻ ചെയ്തു. പദ്ധതി പ്രകാരമുള്ള ആറാമത്തെ അന്തർവാഹിനി, ഐ എൻ എസ് വാഗ്ശീർ കഴിഞ്ഞ മെയ് മാസം മുതൽ പരീക്ഷണങ്ങളുടെ ഭാഗമായി നീറ്റിലുണ്ട്.
യുപിഎ കാലഘട്ടത്തിൽ നേരിട്ട മെല്ലെപ്പോക്കിന്റെ ക്ഷീണം മറികടക്കുന്നതിനും, നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ മൂന്ന് അന്തർവാഹിനികൾ കൂടി ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ 16 പരമ്പരാഗത അന്തർവാഹിനികളാണ് നാവിക സേനക്ക് ഉള്ളത്. ഏഴ് സിന്ധുഘോഷ് ക്ലാസ് (റഷ്യൻ കിലോ ക്ലാസ്), നാല് ശിശുമർ ക്ലാസ് (ആധുനികവത്കൃത ജർമ്മൻ 209 ടൈപ്പ്), അഞ്ച് കാൽവരി ക്ലാസ് (ഫ്രഞ്ച് സ്കോർപീൻ ക്ലാസ്) എന്നിവയാണ് ഇത്. ഇവയ്ക്ക് പുറമേ രണ്ട് അരിഹന്ത് ക്ലാസ് ആണവ അന്തർവാഹിനികളും ഇന്ത്യൻ നാവിക സേനക്ക് കരുത്തേകുന്നു.
തദ്ദേശീയമായി നിർമ്മിക്കുന്ന അന്തർവാഹിനികൾ, നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കും എന്ന് മാത്രമല്ല, പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും. കൂടാതെ, അന്തർവാഹിനികളുടെ നിർമ്മാണത്തിൽ എം ഡി എല്ലിന്റെ പരിജ്ഞാനം മെച്ചപ്പെടുകയും ചെയ്യും.
ആക്രമണമാണ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ പ്രധാന ഉപയോഗം. അപകടകരമായ രീതിയിൽ സമീപിക്കുന്ന ശത്രുക്കളുടെ കപ്പലുകളെ മുക്കിക്കളയാൻ ഇവയ്ക്ക് സാധിക്കും. വലിയ തോതിൽ ടോർപ്പിഡോകളും മിസൈലുകളും തൊടുക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. കൂടാതെ നിരീക്ഷണത്തിനും ഒരു പരിധി വരെ വിവര ശേഖരണത്തിനും ഇവ പ്രാപ്തമാണ്.
200 അടി നീളമുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്ക് 40 അടിയോളം ഉയരമുണ്ട്. ഉപരിതലത്തിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയും സമുദ്രാന്തർഭാഗങ്ങളിൽ മണിക്കൂറിൽ പരമാവധി 37 കിലോമീറ്റർ വേഗതയും കൈവരിക്കാൻ ഇവയ്ക്ക് സാധിക്കും. ഡീസൽ- ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഒരു തവണ ഇന്ധനം നിറച്ചാൽ ശരാശരി 50 ദിവസം വരെ ഇവയ്ക്ക് അതുപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കും.
Discussion about this post