ഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുകുന്ദ്പൂർ പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ താമസിക്കുന്ന നിഖിൽ (10), പിയൂഷ് (13), ആശിഷ് (13) എന്നിവരാണ് മരിച്ചത്. മെട്രോ നിർമാണത്തിനായെടുത്ത കുഴിയിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2:25 ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ഇവരെ പുറത്തെടുത്ത് ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായി ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഡൽഹി വെള്ളപ്പൊക്കത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണങ്ങളാണിത്.
ദിവസങ്ങളായി ഡൽഹിയിലും വൃഷ്ടിപ്രദേശങ്ങളിലും പെയ്യുന്ന കനത്ത മഴയിൽ യമുനാ നദി കരകവിഞ്ഞതിനെ തുടർന്ന് ഡൽഹിയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്.
1978-ലെ 207.49 മീറ്ററെന്ന സർവ്വകാല റെക്കോർഡ് ഭേദിച്ച് ബുധനാഴ്ച യമുനയിലെ ജലനിരപ്പ് 207.71 മീറ്ററായി ഉയർന്നു. വ്യാഴാഴ്ച മൂന്ന് മണിക്കൂർ നേരത്തേക്ക് ജലനിരപ്പിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും പിന്നീട് ഉയരാൻ തുടങ്ങി. വൈകുന്നേരം ഏഴ് മണിയോടെ 208.66 മീറ്ററിലെത്തി. അതായത്, അപകടസൂചനയായ 205.33 മീറ്ററും കടന്ന് മൂന്ന് മീറ്റർ മുകളിൽ. വെള്ളിയാഴ്ച ജലനിരപ്പ് താഴ്ന്നുതുടങ്ങിയെന്നും വൈകിട്ട് ആറോടെ ജലനിരപ്പ് 208.17 മീറ്ററായി കുറഞ്ഞെന്നും കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
Discussion about this post