ന്യൂഡൽഹി : മുസ്ലീം വ്യക്തി നിയമം ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാണെന്ന് ദേശീയ വനിതാ കമ്മീഷൻ. വ്യക്തിനിയമം ക്രോഡീകരിക്കാത്തതിനാൽ സ്ത്രീകൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത് എന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് മുസ്ലീം വ്യക്തിനിയമം പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ചത്.
ഏക സിവിൽ കോഡ് (യുസിസി) സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നിയമ കമ്മീഷൻ പ്രതികരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിച്ച്.
മുസ്ലീം വ്യക്തി നിയമം ക്രോഡീകരിക്കണം എന്ന ആവശ്യവും, വിവാഹ, വിവാഹമോചനം രക്ഷാകർതൃത്വം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നതായി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഏക സിവിൽ കോഡിന്റെ അഭാവം നമ്മുടെ വൈവിധ്യമാർന്ന രാജ്യത്ത് അസമത്വം ഉണ്ടാക്കുകയാണ്. ഇത് സാമൂഹിക ഐക്യം, സാമ്പത്തിക വളർച്ച, ലിംഗനീതി എന്നിവയിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്നും യോഗം വിലയിരുത്തി.
അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, മുതിർന്ന നിയമ ഉദ്യോഗസ്ഥർ, നിയമ സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാർ, നിയമ രംഗത്തെ പ്രമുഖർ, ഉൾപ്പെടെ നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. വിവാഹത്തെ പരിഷ്‌കരിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ആവശ്യകത എ ജി വെങ്കിട്ടരമണി ചർച്ചയിൽ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്നതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
മതം നോക്കാതെ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്ന ഒരു നിയമം പ്രാബല്യത്തിൽ വരാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. നിയമങ്ങൾ അടിയന്തിരമായി ക്രോഡീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ വ്യക്തമാക്കി.
Discussion about this post