അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നിർണായക ചുവടുവെയ്പുമായി ഇന്ത്യയും യുഎഇയും. ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക, വാണിജ്യ ഇടപാടുകൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കാനുളള ധാരണാപത്രം ഒപ്പുവെച്ചു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഇന്ത്യയും യുഎഇയും തമ്മിലുളള സാമ്പത്തിക – വാണിജ്യ ഇടപാടുകളിൽ വലിയ കുതിപ്പേകുന്നതാണ് ഈ ധാരണാപത്രം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പേമെന്റ്, മെസേജിംഗ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ധാരണാപത്രത്തിൽ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ പ്രസിഡന്റ് മൊഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.
ഇത് നിലവിൽ വരുന്നതോടെ ഇന്ത്യൻ രൂപയിലും യുഎഇ ദിർഹത്തിലും ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ സാദ്ധ്യമാകും. പരസ്പരമുളള വ്യാപാര ഇടപാടുകൾ സുഗമമാക്കാനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് വ്യവസായ സമൂഹവും സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുളള സഹകരണത്തിൽ നിർണായക ചുവടുവെയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഇത്തരം കരാറുകൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post