സാൻ ഫ്രാൻസിസ്കോ: ഖാലിസ്ഥാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ വംശജരുടെ പ്രകടനം. ഖാലിസ്ഥാൻ ഭീകരർ അടുത്തയിടെ ആക്രമണം നടത്തിയ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് മുന്നിൽ ത്രിവർണ പതാകയുമേന്തി നൂറുകണക്കിന് പേരാണ് ഇന്ത്യക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കും ഐക്യദാർഢ്യവുമായി ഒത്തുകൂടിയത്.
‘വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, അഖണ്ഡ ഭാരത് സിന്ദാബാദ്‘ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇന്ത്യൻ വംശജർ പ്രകടനം നടത്തിയത്. ‘ഞങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥർക്കൊപ്പം, നയതന്ത്ര കാര്യാലയത്തിന് നേർക്കുള്ള ഖാലിസ്ഥാനി ആക്രമണം ഭീകരാക്രമണമാണ്‘ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളും പ്രകടനക്കാർ ഉയർത്തിയിരുന്നു.
ജൂലൈ 2നായിരുന്നു ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് തീവെക്കാൻ ഖാലിസ്ഥാൻ ഭീകരർ ശ്രമിച്ചത്. എന്നാൽ ആ ശ്രമം പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആക്രമണത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.
ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തെ അമേരിക്ക ശക്തിയായി അപലപിച്ചിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് അമേരിക്കൻ സെനറ്റർമാർ വാദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും, ഇത്തരം ആക്രമണങ്ങളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ലെന്നും അമേരിക്കൻ കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post