കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് ബിജെപി എംപി സൗമിത്ര ഖാൻ കത്ത് നൽകി. അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എംപി സ്ഥാനത്തിന് നിന്നും അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് എത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുവേന്ദു അധികാരിയ്‌ക്കെതിരായ മൂന്ന് കേസുകളുടെ വിചാരണ നിർത്തിവയ്ക്കാൻ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിൽ ഹൈക്കോടതിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസും അഭിഷേക് ബാനർജിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൗമിത്ര ഖാൻ ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയത്.
രാജ്യത്തിന്റെ ഭരണഘടനയെ ആണ് അഭിഷേക് ബാനർജി കടന്നാക്രമിച്ചത് എന്ന് സൗമിത്ര ഖാൻ ലോക്‌സഭാ സ്പീക്കർ ഓംബിർലയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. അഭിഷേക് ബാനർജിയുടെ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതാണ്. തങ്ങൾക്ക് ഒരിക്കലും നീതിന്യായ വ്യവസ്ഥയ്ക്ക് എതിരെ പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം. അഭിഷേക് ബാനർജിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കണം എന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം നടത്തിയ അഭിഷേക് ബാനർജിയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ബിജെപിയുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
Discussion about this post