ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രം പൊളിച്ച് നീക്കി. കറാച്ചിയിലെ സോൾജിയർ ബസാറിൽ ആയിരുന്നു സംഭവം. ഹിന്ദു ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്ക് നേരെയും തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി.
സോൾജിയർ ബസാറിലെ മാരി മാതാ ക്ഷേത്രമാണ് പൊളിച്ച് നീക്കിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വ്യാപാര സമുച്ഛയം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രം പൊളിച്ച് നീക്കിയത് എന്നാണ് വിവരം. ഈ ഭൂമിയുടെ വിൽപ്പന ഏഴ് കോടിയ്ക്ക് നിശ്ചയിച്ചിരുന്നതായാണ് ഹിന്ദു വിശ്വാസികൾ പറയുന്നത്. പ്രതിഷേധിക്കുന്ന ഹിന്ദു വിശ്വാസികളെ ചെറുക്കാൻ വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടി ഓടെയായിരുന്നു ക്ഷേത്രം പൊളിച്ച് നീക്കിയത്.
കഴിഞ്ഞ വർഷം ഈ ക്ഷേത്രം തകർക്കാൻ ശ്രമം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം പൊളിച്ച് നീക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരു ചക്ര വാഹനങ്ങളിൽ എത്തിയ സംഘമാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ക്ഷേത്രത്തിന് സാരമായ കേടുപാടുകൾ ഉണ്ടായിരുന്നു.
Discussion about this post