ന്യൂഡൽഹി: കുതിച്ചു കയറ്റത്തിനിടെ തക്കാളി വിലയെ പിടിച്ചു കെട്ടി കേന്ദ്രസർക്കാർ. തക്കാളിയുടെ ഹോൾസെയിൽ വില കുറച്ചു. ഇനി മുതൽ തക്കാളി കിലോയ്ക്ക് 80 രൂപയാകും ഹോൾസെയിൽ വില.
പുതുക്കിയ വില ഇന്ന് മുതൽ തന്നെ മാർക്കറ്റുകളിൽ പ്രാബല്യത്തിൽ വരും. തക്കാളിയുടെ ഹോൾസെയിൽ വിലയിലുണ്ടായ കുറവ് റീട്ടെയിൽ വിപണിയിലും പ്രതിഫലിക്കും. വിപണിയിൽ തക്കാളിയുടെ വില കുറയുന്നതിന് ഇത് കാരണമാകും. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
ഡൽഹി, ലക്‌നൗ, കാൺപൂർ, വരാണാസി, പറ്റ്‌ന, മുസാഫർപൂർ, അറാ എന്നീ നഗരങ്ങളിലെ വിപണിയിൽ ആകും വിലക്കുറവ് ആദ്യം പ്രാബല്യത്തിൽ വരുക. വരും ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ വിലക്കുറവ് പ്രതിഫലിക്കും.
ഈ വാരം ഇത് രണ്ടാം തവണയാണ് തക്കാളിയുടെ വില കേന്ദ്രം കുറയ്ക്കുന്നത്. വില കുതിച്ചുയരാൻ തുടങ്ങിയ സാഹചര്യത്തിൽ ഈ മാസം 14 നായിരുന്നു തക്കാളിയുടെ വില കിലോയ്ക്ക് 90 രൂപയാക്കിയിരുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായുള്ള ഊർജ്ജിത ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
രാജ്യത്തെ വിപണിയിൽ ഒരു കിലോ തക്കാളിയ്ക്ക് 160 രൂപ വരെ എത്തിയ സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ വലിയ പ്രതിസന്ധിയാണ് സാധരണക്കാർ നേരിട്ടത്. വീടുകളിലെ അടുക്കളകളിൽ നിന്നും തക്കാളി അപ്രത്യക്ഷമാകുന്ന സാഹചര്യം വരെയുണ്ടായി. ഇതേ തുടർന്നാണ് തക്കാളിയുടെ വില കുറയ്ക്കാൻ കേന്ദ്രം ഇടപെട്ടത്.
Discussion about this post