ന്യൂഡൽഹി: ഡൽഹിയിലെ വെളളപ്പൊക്കത്തിൽ ചൈനയെയും ഭൂട്ടാനെയും പഴിചാരരുതെന്ന് കെജ് രിവാളിനോട് ഹിമന്ത ബിശ്വ ശർമ്മ. ഡൽഹിയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കെജ് രിവാൾ സർക്കാരിന്റെ പരാജയം വ്യക്തമാക്കുന്നതായിരുന്നു ഈ ദുരിതം. എന്നാൽ കെജ് രിവാൾ മറ്റ് സംസ്ഥാനങ്ങളെ പഴിചാരാനായിരുന്നു ശ്രമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസം.
പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കെജ് രിവാൾ മറ്റ് സംസ്ഥാനങ്ങളെ കുറ്റം പറയുകയാണ്. ഹരിയാനയെയും യുപിയെയും പഴിചാരിയുളള പ്രസ്താവനകൾ കേട്ടു. പക്ഷെ വെളളത്തിന് ഒരു ഭൂമിശാസ്ത്രവും അറിയില്ല. അരുണാചൽ പ്രദേശിൽ നിന്നും ചൈനയിൽ നിന്നും ഭൂട്ടാനിൽ നിന്നുമൊക്കെ അസമിലും വെളളം എത്തുന്നുണ്ട്. പക്ഷെ അസം അവരെ പഴിചാരുകയല്ല ചെയ്യുന്നത്. അതിനുളള ശാസ്ത്രീയ പരിഹാരം തേടുകയാണ് വേണ്ടതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ പഴിചാരിയാൽ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഇത് നിങ്ങളുടെ പ്രശ്‌നമാണ്. അത് നിങ്ങൾ തന്നെ പരിഹരിക്കുകയാണ് വേണ്ടതെന്നും അസം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നേരത്തെ ഡൽഹിയിലെ സ്‌കൂളുകളും കോളജുകളും സന്ദർശിക്കാൻ തന്നെ ഡൽഹിയിലേക്ക് ക്ഷണിച്ചുകൊണ്ടുളള കെജ് രിവാളിന്റെ പഴയ പ്രസ്താവനയെയും ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു. കെജ് രിവാളിന്റെ വീട്ടിലേക്ക് ഇന്ന് വരാൻ താൻ തയ്യാറാണെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ വാക്കുകൾ. പ്രളയത്തിൽ ഡൽഹി സിവിൽ ലൈനിലുളള കെജ് രിവാളിന്റെ വീടിന് സമീപവും വെളളം കയറിയിരുന്നു.
കോവിഡ് പ്രതിസന്ധി മുതൽ കെജ് രിവാളും ഹിമന്ത ബിശ്വ ശർമ്മയും പലപ്പോഴും വാക്‌പോരുണ്ടായിരുന്നു. കെജ് രിവാൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായ ഭാഷയിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചിരുന്നത്.
Discussion about this post