ന്യൂഡൽഹി: ഡൽഹി അഡ്മിനിസ്ട്രേറ്റീവ് സർവീസുകളെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ എതിർക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. രാഹുൽ ഗാന്ധിയെ പ്രസക്തനാക്കി നിലനിർത്താൻ കോൺഗ്രസ് പാർട്ടി അതിന്റെ സംസ്ഥാന ഘടകങ്ങളുടെ താല്പര്യത്തിൽ നിരന്തരം വിട്ടുവീഴ്ച ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ഡൽഹി ഘടകം ആം ആദ്മി പാർട്ടിയെ അനുകൂലിക്കുന്നില്ല. ബംഗാളിൽ മമതാ ബാനർജിയുടെ കൊലപാതക ഭരണ വാഴ്ചയ്ക്കെതിരെ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയും സംസാരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം എഎപിയും തൃണമൂൽ കോൺഗ്രസുമായും സഖ്യമുണ്ടാക്കുന്ന തിരക്കിലാണെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനെതിരെ വിമർശനവുമായി മറ്റൊരു ബിജെപി നേതാവ് ജയ്‍വീർ ഷേർഗിലും രംഗത്തുവന്നു. ആമ് ആദ്മി പാർട്ടിയുടെ സ്പെയർ വീൽ എന്നാണ് കോൺഗ്രസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പാർട്ടിക്കുള്ളിലെ ഭിന്നതയെക്കുറിച്ചും അദ്ദേഹം ആഞ്ഞടിച്ചു.
ഡൽഹി സർവീസ് ഓർഡിനൻസ് വിഷയത്തിൽ എഎപി കോൺഗ്രസിന്റെ പിന്തുണ അർഹിക്കുന്നില്ലെന്നാണ് പഞ്ചാബിലെ കോൺഗ്രസ് നേതാവ് പ്രതാപ് ബജ്‍വ പറഞ്ഞത്. കോൺഗ്രസ് എഎപിയെ പിന്തുണയ്ക്കാൻ പാടില്ലെന്നാണ് കോൺഗ്രസ് നേതാവ് മേകെൻ പറഞ്ഞത്. എന്നാൽ കോൺഗ്രസ് ഓർഡിനൻസിനെ അനുകൂലിക്കുന്നില്ലെന്നും എഎപിയെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
മെയ് 19നാണ് ഡൽഹി സംസ്ഥാന സർക്കാരിന്റെ അധികാരം വെട്ടികുറച്ച കേന്ദ്രത്തിന്റെ ഓർഡിനൻസ് പുറത്തുവന്നത്. പോലീസ്, പൊതു ഉത്തരവ്, ഭൂമി എന്നിവ ഒഴികെ ബാക്കിയുള്ള എല്ലാ സേവനങ്ങളുടെ നിയന്ത്രണവും സുപ്രീം കോടതി ഡൽഹിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് കൈമാറി ദിവസങ്ങൾക്കുള്ളിലാണ് കേന്ദ്രം ഓർഡിനൻസ് പുറപ്പെടുവിച്ചത്.
Discussion about this post