രുദ്രപ്രയാഗ് : കേദാർനാഥ് ക്ഷേത്രത്തിൽ ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും വിലക്ക്. ശ്രീ ബദ്രിനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് ഫോട്ടോ എടുക്കുകയും, റിക്കോഡ് ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ക്ഷേത്രത്തിനുളളിൽ മൊബൈൽ, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതലായവ കർശനമായി നിരോധിച്ചതായും, ക്ഷേത്ര പരിസരം സിസിടിവി നിരീക്ഷണത്തിലാണെന്നും കമ്മിറ്റിക്കാർ പറഞ്ഞു.
നിർദ്ദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്ന് കമ്മിറ്റി അദ്ധ്യക്ഷൻ അജയ് അജേന്ദ്ര അഭ്യർത്ഥിച്ചു. മുൻപ് ക്ഷേത്രത്തിനകത്ത് തീർത്ഥാടകർ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല. തീർത്ഥാടകരിൽ നിന്നും മോശമായ രീതിയിലുളള അനുഭവം നേരിട്ടതിനെ തുടർന്നാണ് കമ്മിറ്റി കർശനമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
അടുത്തിടെ ക്ഷേത്രത്തിനടുത്ത് ഒരു കുട്ടി സുഹൃത്തിനോട് വിവാഹഭ്യർത്ഥന നടത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരിച്ച വീഡിയോക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തു വന്നത്. സംഭവത്തെ തുടർന്ന് കമ്മിറ്റിക്കാർ കേദാർനാഥ് പോലീസിന് പരാതി നൽകി. ക്ഷേത്ര പരിസരത്തെ കളങ്കപ്പെടുത്തുന്ന യൂട്യൂബ് ഷോട്‌സുകൾ, റീൽസുകൾ, വീഡിയോകൾ മുതലായവ എടുക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കാൻ കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടു.
Discussion about this post