ഷിംല : ഹിമാചൽപ്രദേശിൽ തിങ്കളാഴ്ച പുലർച്ചെ കുളു ജില്ലയിലെ കയാസിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ജൂലൈ 22 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കുളു ജില്ലയിൽ ചാൻസാരി ഗ്രാമത്തിൽ നിന്നുള്ള ബാദൽ ശർമ്മ എന്നയാളാണ് വാഹനം ഒഴുക്കിൽപ്പെട്ടു കാണാതായി മരണപ്പെട്ടത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഖേം ചന്ദ്, സുരേഷ് ശർമ്മ, കപിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിമാചൽപ്രദേശിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയിലും ഉരുൾപൊട്ടലിലും 37 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മഴയിലും വെള്ളപ്പൊക്കത്തിലും ആയി 12 പേരെ കാണാതായിട്ടും ഉണ്ട്. സംസ്ഥാനത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും സ്പിതി നദിയുടെ താഴ്‌വാരമായ പിൻ താഴ്‌വരയിൽ ഒറ്റപ്പെട്ടുപോയ 12 നാടോടി ഇടയന്മാരെ രക്ഷപ്പെടുത്തിയതായി ലാഹൗൾ-സ്പിതി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ ജെയിൻ അറിയിച്ചു. ഒറ്റപ്പെട്ടുപോയ 1200 ആടുകളെയും കന്നുകാലികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 400 ആടുകൾ ചത്തതായും 50 കന്നുകാലികളെ കാണാതായതായും ഭരണസമിതിയുടെ പരിശോധനയിൽ കണ്ടെത്തി.
Discussion about this post