ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് ഭീകരരെ കൂട്ടത്തോടെ വകവരുത്തി സുരക്ഷാ സേന. നാല് ഭീകരരെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. പൂഞ്ച് ജില്ലയിലായിരുന്നു സംഭവം.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പൂഞ്ചിലെ സിന്ദാര മേഖയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ സാന്നിദ്ധ്യം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവരെ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇത് ശക്തമായ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അതിർത്തിയിൽ ഡ്രോണുകൾ വിന്യസിച്ചിരുന്നു. ഇതുവഴിയായിരുന്നു അതിർത്തി വഴിയുള്ള ഭീകരരുടെ നീക്കങ്ങൾ വ്യക്തമായത്. ഇവരെ പിടികൂടാൻ എത്തിയതോടെ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
സ്‌പെഷ്യൽ ഫോഴ്‌സ്, രാഷ്ട്രീയ റൈഫിൾസ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പരിശോധനയും തുടരുകയാണ്.
Discussion about this post