ശ്രീനഗർ: കശ്മീരിൽ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരെക്കുറിച്ചുളള വിവരങ്ങൾ തേടി പരിശോധന ആരംഭിച്ചതായി സൈന്യം. കൊല്ലപ്പെട്ട നാലു പേരും പാകിസ്താൻ ഭീകരരാണെന്നാണ് പ്രാഥമിക സ്ഥിരീകരണം. സ്‌പെഷൽ ഫോഴ്‌സും രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ പൂഞ്ചിലെ സിന്ധാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് രാത്രി മറ്റ് നിരീക്ഷണ ഉപകരണങ്ങൾക്കൊപ്പം ഡ്രോണുകളും വിന്യസിച്ച് ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിച്ചു.
പുലർച്ചെ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചു. തുടർന്ന് കനത്ത വെടിവെപ്പാണ് നടന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം നാല് പാക് ഭീകരരെയും കൊലപ്പെടുത്തുകയായിരുന്നു.
ടോട്ട ഗാലിയിൽ സൈനിക വാഹനങ്ങളെ പതിയിരുന്ന് ആക്രമിച്ചവരാണ് ഈ ഭീകരർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാർക്ക് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു. സൈനികർക്ക് നേരെയുള്ള ആക്രമണം രണ്ട് വർഷത്തെ ഗൂഢാലോചനയ്ക്ക് ശേഷമാണ് നടത്തിയതെന്നും കഴിഞ്ഞ കുറെ നാളുകളായി ഭീകരർ ഈ മേഖലയിലെ ഉൾപ്രദേശങ്ങളിൽ ജോലി ചെയ്തു വരുന്നവർ ആണെന്നും പറയപ്പെടുന്നു. കൊല്ലപ്പെട്ട ഭീകരരുടെ കയ്യിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ സേന ഭീകരരെ വധിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇതോടൊപ്പം ഇവിടെ വലിയൊരു നുഴഞ്ഞുകയറ്റ ശ്രമവും പരാജയപ്പെടുത്തിയിരുന്നു. പൂഞ്ച് മേഖലയിൽ തന്നെ17 ന് രാത്രി സൈന്യത്തിന്റെയും ജമ്മുകശ്മീർ പോലീസിന്റെയും സംയുക്തശ്രമത്തിൽ രണ്ടു നുഴഞ്ഞുകയറ്റക്കാരെ പിടികൂടുകയും ചെയ്തിരുന്നു.
Discussion about this post