തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് ബാലഗോകുലം ഭാരവാഹി. പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും തുടർന്നുണ്ടായ സംഭവവികാസങ്ങളും മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ശ്രീകുമാർ ആണ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. ഒരോ പുതുപ്പള്ളിക്കാരന്റെയും അഭിമാനം കൂടിയാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറയുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്ന് സ്‌കൂൾ പരീക്ഷ വച്ചു. ഇത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികൾ ഉമ്മൻ ചാണ്ടിയെ കണ്ടത്. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ അദ്ദേഹം ഉടൻ തന്നെ പരീക്ഷ മാറ്റിവയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അമ്മയുടെ സഹപാഠി’;
‘പുതുപ്പള്ളി’ക്കാരന്റെ അഭിമാനം;
ഒരു ശ്രീകൃഷ്ണ ജയന്തി ഓർമ്മ
കേരളത്തിനകത്തും പുറത്തും ചരിചയപ്പെടുന്നവർ സ്വാഭാവികമായി ചോദിച്ചിരുന്ന ചോദ്യമാണ്,
നാടെവിടെ?
‘പുതുപ്പള്ളി’ എന്ന് ഉത്തരം പറയുമ്പോൾ 99 ശതമാനം പേരും വീണ്ടും ചോദിക്കും,
‘ഉമ്മൻ ചാണ്ടിയുടെ പുതുപ്പളളി’?
അതെ എന്നതിനൊപ്പം ‘അമ്മയുടെ കൂടെ പഠിച്ച ആളാണ് ഉമ്മൻ ചാണ്ടി” എന്നുകൂടി ഞാൻ അഭിമാനത്തോടെ കൂട്ടിച്ചേർക്കുമായിരുന്നു.
പുതുപ്പള്ളിക്കാരനായ എനിക്ക് രാഷ്ട്രീയത്തിനതീതമായ അഭിമാനമായിരുന്നു ഉമ്മൻ ചാണ്ടി.
മരണമായാലും വിവാഹമായാലും എന്റെ വീട്ടിലെ എല്ലാ ചടങ്ങുകളിലും ശ്രീ. ഉമ്മൻ ചാണ്ടി ഓടി എത്തുമായിരുന്നു. അതേ ദിവസം വാരാൻ പറ്റിയില്ലങ്കിൽ തൊട്ടടുത്ത ദിവസം എത്തിയിരിക്കും. രാഷ്ട്രീയവ്യത്യാസമില്ലാതെ ആർക്കും എപ്പോഴും സമീപിക്കാവുന്ന ശ്രീ.ഉമ്മൻ ചാണ്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയം നോക്കാറില്ല.
ഉദാഹരണം പലതുണ്ട്. ഒന്നിവിടെ കുറിക്കാം ഒരിക്കൽ ശ്രീകൃഷ്ണജയന്തിയുടെ പിറ്റേന്ന് പരീക്ഷ വെച്ചു. ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അത് പ്രയാസം ഉണ്ടാക്കും. അനൂകൂല നടപടി പ്രതീക്ഷിച്ച് വിദ്യാഭ്യാസമന്ത്രിയേയുംം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയേയും കണ്ട് ബാലഗോകുലം ഭാരവാഹികൾ നിവേദനം നൽകി. ശ്രീകൃഷ്ണജയന്തിയുടെ പിറ്റേന്നല്ലേ, അന്നല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ മാറ്റാൻ ആകില്ലന്ന് സെക്രട്ടറിയും തീർത്തു പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ട് ഒന്നു പറയാമോ എന്ന് ബാലഗോകുലത്തിന്റെ അധ്യക്ഷൻ ചോദിച്ചു. ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് ഞാനും ബാലഗോകുലം ഉപാധ്യക്ഷനായ നാരായണശർമ്മാജിയുംപൊതുകാര്യദർശിയായിരുന്ന ശ്രീ വി ഹരികുമാറും ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെത്തി. ആറുമണി കഴിഞ്ഞു. ഓഫീസിനു മുന്നിൽ ഉത്സവത്തിന്റെ ആളുകൾ. പത്രപ്രവർത്തകൻ എന്ന പരിഗണനയിൽ മുൻഗണനയിൽ ഉളളിൽ കയറി. അകത്തും നിറയെ ആളുകൾ. കസേരയിൽ ഉമ്മൻചാണ്ടിയില്ല. ഓഫീസിൽ തന്നെയുള്ള വലിയ മേശയക്കു ചുറ്റും ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള ഉന്നതർ ഉരിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ഗൗരവമുള്ള ചർച്ച നടക്കുകയാണ്.
ഏതാണ്ട് 10 മിനിറ്റിനകം ഉമ്മൻചാണ്ടി എഴുന്നേറ്റ് വന്ന് ഞങ്ങളെ കേട്ടു. ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്ന് പരീക്ഷയോ? കുട്ടികൾക്ക് ബുദ്ധിമുട്ടാകില്ലേ? വൈകുന്നേരമല്ലേ ശോഭായാത്ര.? പുതുപ്പള്ളിയിലെ ശോഭായാത്രയിൽ ഞാൻ പങ്കെടുത്തിട്ടുള്ളതല്ലേ? എന്നൊക്കെ ഉമ്മൻചാണ്ടി പറഞ്ഞപ്പോൾ മന്ത്രിയേയും സെക്രട്ടറിയേയും കണ്ടകാര്യവും കിട്ടിയ മറുപടിയും സൂചിപ്പിച്ചു. പെട്ടന്നു തന്നെ അടുത്തുനിന്ന സെക്രട്ടറിയോട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വിളിച്ച് പരീക്ഷ റദ്ദാക്കാൻ നിർദ്ദേശിക്കാൻ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഉടൻതന്നെ പി ആർഡി മുഖേന പത്രക്കുറിപ്പും ഉറക്കാൻ നിർദ്ദേശിച്ചു.
ഓഫീസിൽതന്നെ ഇരിക്ക്, പരീക്ഷ റദ്ദാക്കി എന്ന ഉത്തരവുമായി പോയാൽ മതി എന്ന് ഞങ്ങളോട് പറഞ്ഞിട്ട് ഉമ്മൻചാണ്ടി വീണ്ടും പകുതിയാക്കി വെച്ച മീറ്റിംഗിലേക്ക് കയറി.
വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വിളിച്ചിട്ടൊന്നും കിട്ടുന്നില്ലായിരുന്നു. എങ്കിലും പരീക്ഷ റദ്ദാക്കിയതായ പത്രക്കുറിപ്പ് പിആർഡിയിലേക്ക് പോയി.
ഏഴരയൊടെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ഫോണിൽ കിട്ടി. എട്ടുമണിയോടെ പരീക്ഷ റദ്ദാക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഫാക്സിലേക്ക് വന്നു. അതിന്റെ കോപ്പി ഞങ്ങൾക്ക് തന്നുകൊണ്ട് സെക്രട്ടറി പറഞ്ഞു ‘നിങ്ങൾ ഇവിടെ ഇരുന്നതുകൊണ്ടാണ് കാര്യം സാധിച്ചത് ,, അതിനാലാണ് സിഎം പോകരുതെന്ന് പറഞ്ഞത്’അപ്പോഴും മീറ്റിംഗ് തീർന്നിരുന്നില്ല, നന്ദി വാക്കുപോലും പറയാതെ ഞാനും ശർമ്മാജിയും ഓഫീസിൽനിന്നിറങ്ങി.












