‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഗുജറാത്തിൽ ഇപ്പോൾ വലിയ സംഘർഷങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഗുജറാത്തിലെ പത്താൻ ജില്ലയിലാണ് ഇത്തരത്തിൽ ഒരു വംശീയ സംഘർഷം ഉണ്ടായിട്ടുള്ളത്. സംഘർഷത്തെ തുടർന്ന് 8 പേർക്ക് പരിക്കേൽക്കുകയും 10 പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
10 പ്രതികൾക്കെതിരെ കലാപം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ജൂലൈ 16 ന് വൈകുന്നേരം ബലിസാന പട്ടണത്തിൽ വെച്ചാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. ആരിഫ് ഷെയ്ഖ് എന്ന വ്യക്തി നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇയാളുടെ പരാതി പ്രകാരം കൃഷ് പട്ടേൽ, നിമേഷ് പട്ടേൽ എന്നിവർ ആരിഫ് ഷെയ്ഖിനെയും അമ്മാവൻ ഇല്യാസ് ഷെയ്ഖിനെയും ആക്രമിക്കുകയായിരുന്നു. ആരിഫ് ഷെയ്ഖ് ഉൾപ്പെടെ മുപ്പത്തഞ്ചോളം പേർ ചേർന്ന് തന്നെയും അഞ്ച് സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് മീത്കുമാർ പട്ടേൽ എന്നയാൾ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.
ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരിഫ് ഷെയ്ഖിന്റെ കൂട്ടാളികളായ എട്ട് പേരെ തിങ്കളാഴ്ചയും മറുവിഭാഗത്തിൽ കൃഷ് പട്ടേൽ ഉൾപ്പെടെ രണ്ട് പേരെ ചൊവ്വാഴ്ചയുമായി അറസ്റ്റ് ചെയ്തുവെന്ന് ബാലിസാന പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെ എസ് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നഗരത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ കെ പാണ്ഡ്യയും അറിയിച്ചു.
Discussion about this post