ലക്‌നൗ: പബ്ജി പ്രണയത്തിന്റെ പേരിൽ ഇന്ത്യയിലെത്തിയെന്ന് പറയുന്ന സീമയുടെ പാകിസ്താൻ സൈനിക ബന്ധം തുറന്നുപറഞ്ഞ് ആദ്യ ഭർത്താവ് ഗുലാം ഹൈദർ. സീമയുടെ അമ്മാവൻ പാകിസ്താൻ ആർമിയിൽ ഉന്നത പദവിയിൽ ഇരിക്കെയാണ് സീമയുടെ സഹോദരനും പാകിസ്താൻ സൈന്യത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതെന്ന് ഗുലാം ഒരു ഇന്ത്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കേസിൽ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സീമയെയും രണ്ടാം ഭർത്താവ് സച്ചിൻ മീണയെയും തീവ്രവാദ വിരുദ്ധ സേന ചോദ്യം ചെയ്തിരുന്നു. സീമയ്ക്ക് പാകിസ്താൻ ഇന്റർ സർവ്വീസ് ഇന്റലിജൻസുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യൽ എന്നാണ് വിവരം.
ചാരയാണോ എന്ന സംശയം ബലപ്പെട്ടതോടെ, സീമയുടെ ഇന്ത്യൻ യാത്രയ്ക്ക് പിന്നിൽ പ്രണയം മാത്രമാണ് പ്രേരണയെന്ന് പാക് ചാര ഏജൻസി വ്യക്തമാക്കി. സീമ മാതൃരാജ്യം വിട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് സ്വന്തം പ്രണയിതാവായ ഹിന്ദു പുരുഷനെ വിവാഹം കഴിക്കാനായിരുന്നുവെന്ന് പാക് ചാര സംഘടന പാക് സർക്കാരിനെ അറിയിച്ചു.
ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഒന്നിച്ച് ജീവിക്കാനായി പോകാനായിരുന്നു സച്ചിന്റെ പദ്ധതി, എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ ‘ഓം’ ചിഹ്നം ഉണ്ടായിരുന്നതിനാൽ, വരരുതെന്ന് സീമ ആവശ്യപ്പെട്ടു. സച്ചിൻ പിടിക്കപ്പെട്ടിരുന്നെങ്കിൽ കാര്യങ്ങൾ വളരെ മോശമായേനെയെന്നും മരണം വരെ സംഭവിക്കുമായിരുന്നുവെന്നും സീമ പറഞ്ഞു. സച്ചിനും ഇക്കാര്യം സ്ഥിരീകരിച്ചു, താനും പാകിസ്താനിലേക്ക് പോകാൻ തയ്യാറായിരുന്നുവെന്നും പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ സീമ പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ മറ്റ് നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
അതേസമയം സീമയെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സീമയുടെ തിരിച്ചറിയല്‍ രേഖ വിതരണം ചെയ്ത സമയമാണ് പ്രധാനം. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയില്‍ രേഖ സീമയ്ക്ക് നല്‍കിയിരിക്കുന്ന തിയതി 2022 സെപ്തംബര്‍ 20നാണ്. പാക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തർ പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്.
ദുബായ്-നേപ്പാൾ വഴി ഇന്ത്യയിലേക്ക് സീമയെ സഹായിച്ചത് ആരാണ്? കറാച്ചിയിൽ നിന്ന് നാല് കുട്ടികളുമായി എങ്ങനെയാണ് ഷാർജയിലെത്തിയത്? ഷാർജയിലും നേപ്പാളിലും എവിടെ, എത്ര ദിവസം താമസിച്ചു? ഷാർജയിലും നേപ്പാളിലും ആരെയാണ് കണ്ടത്? എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ല.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടും ഇംഗ്ലീഷിൽ ഇത്ര പ്രാവീണ്യം ഉണ്ടായത് വലിയ സംശയത്തിന് ഇടയാക്കുന്നുണ്ട്. ഹാജരാക്കിയ രേഖകൾ പ്രകാരം 21 വയസ് മാത്രമാണ് സീമയുടെ പ്രായം. എന്നാൽ ഇത് വ്യാജമാണെന്നാണ് വിവരം. സച്ചിനുമായി ബന്ധപ്പെടാൻ ഉണ്ടാക്കിയ നമ്പർ നശിപ്പിച്ചതിന്റെ കാരണം, ഫോൺ ഉണ്ടായിട്ടും ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കാനുണ്ടായതിന് കാരണം എന്നിവയും തീവ്രവാദ വിരുദ്ധ സേന ആരാഞ്ഞു.
സീമയുടെ ഐഡി കാർഡുകൾ ഹൈക്കമ്മീഷനിലേക്ക് അയച്ചു, വാട്ട്സ്ആപ്പ് ചാറ്റുകളുടെയും മറ്റ് എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഗ്രേറ്റർ നോയിഡ പോലീസിൽ നിന്ന് എടിഎസ് സംഘം സീമയുടെയും സച്ചിന്റെയും മൊഴികളുടെ പകർപ്പ് എടുത്തിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ മൊഴികളും വസ്തുതകളും പുനരന്വേഷിക്കും
Discussion about this post