ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. സംഗ്രമപൂരിലെ ഷിദ്പൂർ ഗ്രാമത്തിലായിരുന്നു സംഭവം. 40കാരനായ ദിനേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ആറംഗ സംഘമായിരുന്നു ദിനേഷ് സിംഗിനെ ആക്രമിച്ചത്. പ്രദേശത്തെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റ് ആണ് ദിനേഷ്. രാത്രി പാർട്ടി ഓഫീസിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. ഇതിനിടെ ബൈക്കിൽ എത്തിയ സംഘം അദ്ദേഹത്തെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.
വടിയും ഇരുമ്പ് ദണ്ഡും കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെ അക്രമി സംഘം വാഹനങ്ങളിൽ കടന്ന് കളഞ്ഞു. ഉടനെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയായിരുന്നു ദിനേഷ് സിംഗിന്റെ മരണം.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനേഷ് സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post