ട്രിനിഡാഡിൽ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് മത്സരം വിരാട് കോഹ്‌ലിയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി സമ്മാനിക്കുകയാണ്. ഈ മത്സരത്തോടെ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാവും വിരാട് കോഹ്‌ലി. എല്ലാ ഫോർമാറ്റുകളിലുമായി 500 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള മറ്റു ഇന്ത്യൻ താരങ്ങൾ സച്ചിൻ ടെണ്ടുൽക്കർ , രാഹുൽ ദ്രാവിഡ് , എംഎസ് ധോണി എന്നിവരാണ്.
ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് കോഹ്‌ലി. എല്ലാ ഫോർമാറ്റുകളിലുമുള്ള 499 മത്സരങ്ങളിൽ നിന്ന് 25,461 റൺസ് ആണ് കോഹ്‌ലി നേടിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളവരുടെ പട്ടികയിൽ ആറാമനാണ് വിരാട് കോഹ്‌ലി . സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര, റിക്കി പോണ്ടിംഗ്, മഹേല ജയവർദ്ധനെ, ജാക്ക് കാലിസ് എന്നിവരാണ് കോഹ്‌ലിയെക്കാൾ കൂടുതൽ റൺസ് നേടിയിട്ടുള്ള മറ്റു താരങ്ങൾ.
കോഹ്‌ലിയുടെ 111-ാം ടെസ്റ്റ് മത്സരം കൂടിയാണ് ട്രിനിഡാഡിൽ നടക്കുന്നത്. ചരിത്രപരമായ ഈ മത്സരത്തിനു മുമ്പ് ബിസിസിഐയുമായി പങ്കുവെച്ച ഒരു വീഡിയോയിൽ താൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവൻ ആണെന്നാണ് കോഹ്‌ലി പറയുന്നത്. ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞതിലും ഒരു നീണ്ട ടെസ്റ്റ് കരിയർ ലഭിച്ചതിലും ദൈർഘ്യമേറിയ ഈ യാത്രയിൽ മികച്ച ഫലങ്ങൾ ഉണ്ടായതിലും തനിക്ക് നന്ദിയുണ്ടെന്നും വിരാട് കോഹ്‌ലി പറയുന്നു.
100 സെഞ്ചുറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ ചരിത്ര നേട്ടത്തിനുശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടുള്ള ഇന്ത്യൻ താരവും കൂടിയാണ് വിരാട് കോഹ്‌ലി. 75 അന്താരാഷ്ട്ര സെഞ്ച്വറികളാണ് കോഹ്‌ലി ഇതുവരെ നേടിയിട്ടുള്ളത്. 2011ൽ ആരംഭിച്ച തന്റെ കരിയറിൽ ഉടനീളമായി ഇന്ത്യക്കായി 110 ടെസ്റ്റുകളിലും 274 ഏകദിനങ്ങളിലും 115 ടി20 മത്സരങ്ങളിലും വിരാട് കോഹ്‌ലി പങ്കെടുത്തിട്ടുണ്ട്.
Discussion about this post