ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിയുടെ മരുമകൻ ഹോട്ടൽ അടിച്ച് തകർത്തു. മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിന്റെ മരുമകനായ ഹർഷ്ദീപ് ഖചാരിയവാസയാണ് ഹോട്ടലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.
ജയ്പൂരിലായിരുന്നു സംഭവം. മദ്യ ലഹരിയിൽ എത്തിയായിരുന്നു ഹർഷ്ദീപിന്റെ അതിക്രമം. ഹോട്ടലിൽവച്ച് അവിടെയെത്തിയ മറ്റൊരാളുമായി ഹർഷ്ദീപ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിന് ശേഷം ഇയാളെ കണ്ടെത്താനായി എല്ലാ റൂമുകളും പരിശോധിക്കണമെന്ന് ഹർഷ്ദീപ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ഇതിന് തയ്യാറായില്ല.
ഇതിൽ പ്രകോപിതനായ ഹർഷ്ദീപ് തന്റെ അനുയായികളെ വിളിച്ചു വരുത്തി ഹോട്ടൽ തകർക്കുകയായിരുന്നു. 25 ഓളം പേർ അടങ്ങുന്ന സംഘമാണ് ഹോട്ടലിൽ എത്തി ആക്രമണം അഴിച്ചുവിട്ടതെന്ന് ഹോട്ടൽ ഉടമ അഭിമന്യു സിംഗ് പറഞ്ഞു.
അതിഥികളുടെ സുരക്ഷയാണ് പ്രധാനം. അടുത്ത ദിവസം പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഹർഷ്ദീപിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ ഹർഷ്ദീപ് ആളുകളെ വിളിച്ച് വരുത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോട്ടലിലെ ചില്ലുകൾ മുഴുവനും അടിച്ചു തകർത്തു എന്നും അഭിമന്യു സിംഗ് കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് പോലീസിനെ വിളിച്ചെങ്കിലും രണ്ട് പേർ മാത്രമാണ് വന്നത്. പോലീസെത്തി പ്രതികളുമായി തർക്കത്തിലേർപ്പെട്ട യുവാവിനെ കണ്ടെത്തി. പോലീസിന്റെ കൺമുന്നിൽ വച്ച് മറ്റ് 25 പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ട്. പോലീസ് ഒന്നും തന്നെ ചെയ്തില്ല. പോലീസ് അയാളെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി നിരവധി ഫോൺ കോളുകൾ വന്നു. തങ്ങൾ വലിയ ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് വൈശാലി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ശിവ നാരായൺ പ്രതികരിച്ചു.
Discussion about this post