ബാഗ്ദാദ് : ഇറാഖിലെ സ്വീഡിഷ് എംബസി അടിച്ച് തകർത്ത് ഇസ്ലാമിസ്റ്റുകൾ. സ്റ്റോക്ക്‌ഹോമിലെ ഇറാഖി എംബസിക്ക് പുറത്ത് ഖുറാനും ഇറാഖി പതാകയും കത്തിച്ചുള്ള പ്രതിഷേധത്തിന് സ്വീഡിഷ് പോലീസ് അംഗീകാരം നൽകിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദിലുളള സ്വീഡിഷ് എംബസി ഇസ്ലാമിസ്റ്റുകൾ അടിച്ച് തകർത്തത്.
ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. നൂറ് കണത്തിന് അക്രമികൾ എംബസിക്കുളളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് കെട്ടിടത്തിന് തീയിട്ടു. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കറുത്ത വസ്ത്രം ധരിച്ച് കൊടികളും പോസ്റ്ററുകളും പിടിച്ച് നിൽക്കുന്ന ആളുകളെ വീഡിയോയിൽ കാണാം. രോഷാകുലരായ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കേൾക്കാം. സ്വീഡിഷ് എംബസിയുടെ ഭാഗങ്ങൾ കത്തി നശിക്കുന്നതും വീഡിയോയിൽ കാണാനാകും. പ്രതിഷേധക്കാർക്കെതിരെ ഇറാഖി പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇലക്ട്രിക് ബാറ്റൺ ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ നീക്കി. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂൺ 28 നാണ് സ്വീഡനിലെ സ്റ്റോക്‌ഹോമിന് മുന്നിൽ നിന്ന് യുവാവ് ഖുർആൻ കത്തിച്ചത്. കോടതിയുടെ അനുമതിയോടെയാണ് ഖുർആൻ കത്തിച്ചത്. ഇതിന് പിന്നാലെ 29 ന് ഇസ്ലാമിസ്റ്റുകൾ സ്വീഡിഷ് എംബസിക്ക് നേരെ ആക്രമണം നടത്തി. ”ഞങ്ങളുടെ ഭരണഘടന ഖുർആൻ ആണ്” എന്ന പോസ്റ്ററുകൾ പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.












