മുംബൈ : മഹാരാഷ്ട്രയിൽ ഉരുൾപൊട്ടലിനെ തുടർന്ന് 13 പേർക്ക് ദാരുണാന്ത്യം. 100 ഓളം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഖലാപൂർ തഹസിൽ ഇർഷൽവാദി ഗ്രാമത്തിലാണ് മണ്ണിടിഞ്ഞത്. 48 ഓളം കുടുംബങ്ങളെ ഇത് ബാധിച്ചതായാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പലരും ഉറക്കത്തിലായതിനാൽ കൂടുതൽ പേരെയും രക്ഷപ്പെടുത്താനായില്ല. വീഡിയോ ഗെയിം കളിക്കാൻ മൊബൈൽ നെറ്റ് വർക്കിനായി കുട്ടികൾ ഗ്രാമത്തിന് പുറത്ത് പോയിരുന്നു. ഇവരാണ് ദുരന്തം ആദ്യം കണ്ടത്. തുടർന്ന് എല്ലാവരും ചേർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനോടകം നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post