ലക്‌നൗ : അലീഗഡ് സർവകലാശാലയിൽ നിന്ന് ഐഎസ് തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച ഭീകരനെ പിടികൂടി. 19 കാരനായ ഫൈസാൻ അൻസാരിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലും രണ്ട് സംസ്ഥാനങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന വീടുകളിലും അന്വേഷണ ഏജൻസി പരിശോധന നടത്തി.
ഇന്ത്യയിലെ ഐഎസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി തന്റെ കൂട്ടാളികളുമായി ചേർന്ന് ഫൈസാൻ ഒരു ക്രിമിനൽ ഗൂഢാലോചന നടത്തിയതായി അന്വേഷണ ഏജൻസി കണ്ടെത്തി. ജൂലൈ 16, 17 തീയതികളിൽ ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലും യുപിയിലെ അലീഗഡിലെ വാടക മുറിയിലുമാണ് പരിശോധന നടത്തിയത്.
രാജ്യത്ത് ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടുകൊണ്ട് ഇയാൾ ഐഎസ്‌ഐഎസിന് വേണ്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ഇന്ത്യയിൽ ഐഎസിന്റെ പ്രവർത്തനം ശക്തമാക്കാൻ വേണ്ടി ഫൈസാൻ യുവാക്കളുടെ മനസിൽ വർഗീയ വിഷം കുത്തിവെയ്ക്കുകയും തുടർന്ന് അവരെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലുള്ള ഐഎസ് ഭീകരരുമായും 19 കാരന് ബന്ധമുണ്ടായിരുന്നു. ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ അവരാണ് ഫൈസാനെ സഹായിച്ചത്.
ഇയാൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം ഫൈസാനോടൊപ്പം പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.
Discussion about this post