ന്യൂഡൽഹി : അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ട് വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുടെ നേതൃത്വത്തിലുള്ള സംഘം സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധിക്കായി ഹാജരാകും. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാൽ വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ്സ ഹർജി നൽകിയിട്ടുണ്ട്.
കേസിൽ താൻ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങൾ ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിക്കുമെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.പ്രതികൂലമായി വിധിയുണ്ടായാൽ എട്ട് വർഷത്തെ തൻറെ രാഷ്ടീയ ജീവിതം നശിക്കുമെന്നും രാഹുൽ ഗാന്ധി ഹർജിയിൽ വാദിക്കുന്നു. തനിക്കെതിരെ വിധിച്ചാൽ വയനാട്ടിലെ ജനങ്ങൾക്ക് പിന്നെ ദീർഘകാലം ജനപ്രതിനിധി ഇല്ലാതാകുമെന്നുമാണ് രാഹുൽ ഹർജിയിൽ വാദിക്കുന്നത്.
‘രാഹുലിനെതിരെ 10 കേസെങ്കിലും നിലവിലുണ്ട്. രാഹുൽ കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ വീർസവർക്കറിന്റെ കൊച്ചുമകനും രാഹുലിനെതിരെ കേസ് നൽകി. വിചാരണക്കോടതി വിധി നിയമാനുസൃതവും ഉചിതവുമാണ് എന്നാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞിരുന്നത്.
Discussion about this post