ധാക്ക: വടക്കന്‍ ബംഗ്ലാദേശില്‍ ക്ഷേത്രോത്സവത്തിനിടെ അക്രമികള്‍ നടത്തിയ പെട്രോള്‍ബോംബാക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ദിനാജ്പൂര്‍ ജില്ലയിലെ അതിപുരാതന കാന്താജിര് ഹിന്ദു ക്ഷേത്ര പരിസരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഉത്സവപ്പറമ്പില്‍ നാടകം കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബുകള്‍ വലിച്ചെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. മൂന്ന് ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. ചില്ലുകള്‍ തറച്ചും പൊള്ളലേറ്റ നിലയിലുമാണ് മിക്കവരേയും ആശുപത്രിയില്‍ എത്തിച്ചത്. അയ്യായിരത്തോളം പേര് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയിരുന്നു.
പൗരാണിക കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേത്രമാണ് കാന്താജിര്. നേരത്തെ, മത ചടങ്ങുകള്‍ വിലക്കണമെന്ന് നിരവധി തവണ ക്ഷേത്ര പൂജാരിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post