ബെയ്ജിംഗ് : രണ്ടാം തവണയും ചൈന കുഴിയെടുക്കാൻ ആരംഭിച്ചതോടെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. 10,000 മീറ്റർ ആഴത്തിലാണ് ചൈന കുഴിയെടുക്കുന്നത്. സിചുവാൻ പ്രവിശ്യയിൽ 10,520 മീറ്റർ (6.5 മൈൽ) ആഴത്തിലാണ് ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ കുഴിക്കുന്നത് എന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇത്രയും ആഴത്തിൽ തുരങ്കമുണ്ടാക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഷിജിയാംഗ് പ്രവിശ്യയിലും സിഎൻപിസി ഡ്രില്ലിംഗ് ആരംഭിച്ചിരുന്നു. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ച് പഠിക്കാനും ഡാറ്റകൾ ശേഖരിക്കാനുമാണ് ആദ്യത്തെ കുഴിയെങ്കിൽ പ്രകൃതി വാതകം കണ്ടെത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷണത്തിനും മനോഹരമായ പർവ്വത കാഴ്ചകൾക്കും പാണ്ടകൾക്കും പേരുകേട്ട തെക്കുകിഴക്കൻ പ്രവിശ്യയായ സിചുവാനിലാണ് ചൈനയിലെ ഏറ്റവും വലിയ ഷെയ്ൽ വാതക ശേഖരമുള്ളത്.
ദുഷ്‌കരമായ ഭൂപ്രദേശവും സങ്കീർണ്ണമായ ഭൗമശാസ്ത്രവുമായതിനാൽ ഈ പ്രദേശത്ത് കൂടുതൽ പ്രവർത്തനങ്ങളൊന്നും തന്നെ നടക്കാറില്ല.
തുടർച്ചയായ വൈദ്യുതി ക്ഷാമം, രാഷ്ട്രീയ കലഹങ്ങൾ, ആഗോള വിലയിലെ ചാഞ്ചാട്ടം എന്നിവയ്ക്കിടയിൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഇന്ധന സുരക്ഷ വർധിപ്പിക്കാൻ ചൈനീസ് സർക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തലുകൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
Discussion about this post