പൂനെ: കള്ളൻ മോഷ്ടിച്ചത് 400 കിലോയിലധികം വരുന്ന തക്കാളികൾ. പൂനെ സ്വദേശിയായ അരുൺ ധോമെ എന്ന കർഷകന്റെ വീട്ടിൽ നിന്നുമാണ് 400 കിലോ തക്കാളി മോഷണം പോയത്. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നുമാണ് തക്കാളി നഷ്ടമായതെന്ന് കർഷകൻ പറഞ്ഞു. സംഭവത്തിൽ ഇയാൾ പൂനെ പോലീസിന് പരാതി നൽകി.
വാഹനത്തിൽ 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 400 കിലോ തക്കാളിയാണ് നഷ്ടപ്പെട്ടത്. വിളവെടുത്ത തക്കാളി വിപണിയിലെത്തിക്കാനായി വാഹനത്തിൽ വീടിന് പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവം നടന്ന തൊട്ടടുത്ത ദിവസം രാവിലെ തക്കാളികൾ മോഷണം പോയതായി തിരിച്ചറിയുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഒരു കിലോ തക്കാളിയുടെ വില 160 രൂപ വരെ ഉയർന്നിരുന്നു. നിലവിൽ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും 100 ന് മുകളിലാണ്. നാൽപത് രൂപ ശരാശരിയിൽ നിന്ന തക്കാളി വിലയാണ് കുതിച്ചുയർന്നത്. അപ്രതീക്ഷിതമായ മഴയിലുണ്ടായ വ്യാപക വിളനഷ്ടമുൾപ്പെടെയാണ് തക്കാളിയെ വിലപിടിപ്പുളളതാക്കി മാറ്റിയത്. കേന്ദ്രസർക്കാർ ഇടപെട്ട് വില കുറയ്ക്കാനുളള നടപടികൾ സ്വീകരിച്ചുവരികയാണ്.
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന തക്കാളി കിലോയ്ക്ക് 70 മുതൽ 80 രൂപയ്ക്ക് വരെയാണ് സർക്കാർ മൊത്ത വിൽപന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നത്.
Discussion about this post