ലഖ്‌നൗ : ഉത്തർപ്രദേശ് സർക്കാർ തുടർച്ചയായി നാല് വർഷമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് യുപി പവർ കോർപ്പറേഷൻ ലിമിറ്റഡ് (യുപിപിസിഎൽ). യുപി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ (യുപിആർസി) നിലവിലുള്ള താരിഫ് ഓർഡർ പുതുക്കണമെന്നും യുപിപിസിഎൽ. 2024-25 ലേക്കുള്ള താരിഫ് പരിഷ്‌കരണ നിർദ്ദേശം സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും യുപിപിസിഎൽ അധികൃതർ പറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ യുപി പവർ കോർപ്പറേഷൻ ലിമിറ്റഡ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും യുപി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർദ്ധിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ജൂലൈ 11ന് യുപിപിസിഎൽ അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റിയെ സമീപിച്ചിരുന്നു.
എന്നാൽ 2023-24 സാമ്പത്തിക വർഷത്തിൽ യുപി പവർ കോർപ്പറേഷൻ ലിമിറ്റഡിന് 7,988.81 കോടി രൂപ മിച്ച വരുമാനം ഉണ്ടാകുമെന്നും അതിനാൽ അവരുടെ ചെലവുകൾ നിറവേറ്റുന്നതിന് താരിഫ് വർദ്ധന ആവശ്യമില്ലെന്നും നിരീക്ഷിച്ചുകൊണ്ട് വൈദ്യുതി നിരക്ക് വർദ്ധനവിനുള്ള അഭ്യർത്ഥന കമ്മീഷൻ നിരസിക്കുകയായിരുന്നു.
അടുത്ത വർഷം ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം എന്തുവന്നാലും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ യുപിപിസിഎല്ലിനെ അനുവദിക്കില്ല എന്നാണ് പറയപ്പെടുന്നത്. താരിഫ് വർദ്ധനയിലൂടെയല്ല പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഡിസ്‌കോമുകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടത് എന്നാണ് ഉത്തർപ്രദേശിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അഭിപ്രായം.
Discussion about this post