ഹോങ്കോംഗ് : ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് ഹോങ്കോംഗ് പൗരന് മൂന്നുമാസത്തെ തടവുശിക്ഷ. ഒരു യൂട്യൂബ് വീഡിയോയിൽ ചൈനീസ് ദേശീയഗാനം വെട്ടി മാറ്റി പകരം മറ്റൊരു ഗാനം ചേർത്തു എന്നതാണ് ഈ വിധിക്ക് ആധാരമായ കേസ്. ഹോങ്കോംഗ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. “മാർച്ച് ഓഫ് ദി വോളണ്ടിയർസ്” എന്ന ഗാനം ഔദ്യോഗിക ദേശീയ ഗാനമായി പങ്കിടുന്നവരാണ് ചൈനയും ഹോങ്കോംഗും.
ചെങ് വിംഗ്-ചുൻ എന്ന 27 കാരനായ ഫോട്ടോഗ്രാഫർക്കാണ് ഹോങ്കോംഗ് കോടതി മൂന്നുമാസത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 2020 ലെ ടോക്കിയോ സമ്മർ ഒളിമ്പിക്സിൽ ഹോങ്കോംഗ് ഫെൻസറായ എഡ്ഗർ ചിയുങിന് സ്വർണ്ണ മെഡൽ ലഭിക്കുന്നത് കാണിക്കുന്ന ഒരു യുട്യൂബ് വീഡിയോ എഡിറ്റ് ചെയ്തതാണ് ഈ ഫോട്ടോഗ്രാഫർക്ക് വിനയായത്. ചെങ് ഈ വീഡിയോയിൽ നിന്ന് ചൈനയുടെ ദേശീയ ഗാനം എടുത്തുമാറ്റി പകരം ഹോങ്കോംഗ് ജനാധിപത്യ അനുകൂല പ്രതിഷേധ ഗാനമായ “ഗ്ലോറി ടു ഹോങ്കോംഗ്” ഉപയോഗിക്കുകയായിരുന്നു . 2021-ലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തത്. ഈ മാസം ആദ്യമാണ് ചെങ് വീഡിയോ എഡിറ്റ് ചെയ്‌തതാണെന്ന് കോടതി കണ്ടെത്തിയത്.
ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർ പിന്തുടരുന്നത് കോടതി തടയേണ്ടതിനാൽ ജയിൽ ശിക്ഷ അനിവാര്യമാണെന്നാണ് ഈ കേസിനെ കുറിച്ച് ഹോങ്കോംഗ് മജിസ്‌ട്രേറ്റ് മിനി വാട്ട് പറഞ്ഞത്. കൂടാതെ ചെങ് തന്റെ പ്രവൃത്തികളിൽ പശ്ചാത്താപം കാണിച്ചില്ലെന്നും ദേശീയ ഗാനത്തിന്റെ അന്തസ്സിനെ അവഹേളിക്കാൻ യൂട്യൂബിലൂടെ ആളുകളെ പ്രേരിപ്പിച്ചുവെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. ഹോങ്കോംഗിൽ
2020-ൽ നടപ്പിലാക്കിയ ചൈനീസ് ദേശീയ ഗാന നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ചെങ്.
Discussion about this post