ന്യൂഡൽഹി : വിയറ്റ്‌നാമുമായുള്ള ഉഭയകക്ഷി ബന്ധവും രാജ്യങ്ങൾ തമ്മിൽ സമുദ്രമേഖലയിലുള്ള തന്ത്രപരമായ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ആയ ഐഎൻഎസ് കിർപാൺ വിയറ്റ്നാമിന് സമ്മാനിച്ചു. വിയറ്റ്നാമിലെ കാം റാനിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയുടെ ഈ വിശിഷ്ട സമ്മാനം കൈമാറിയത്. വിയറ്റ്നാമിന്റെ തെക്കുകിഴക്കൻ തീരത്ത് ദക്ഷിണ ചൈനാ കടലിന്റെ പ്രവേശന മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു തന്ത്രപ്രധാന മേഖലയാണ് കാം റാൻ.
വിയറ്റ്നാമിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ ആണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. തുടർന്ന് വിയറ്റ്നാം പീപ്പിൾസ് നേവിക്ക് ഇന്ത്യയുടെ അഭിമാന യുദ്ധക്കപ്പൽ ആയ ഐഎൻഎസ് കിർപാൺ കൈമാറി. ആദ്യമായാണ് ഇന്ത്യ ഒരു സൗഹൃദ വിദേശ രാജ്യത്തിന് പൂർണമായും പ്രവർത്തനക്ഷമമായ ഒരു യുദ്ധക്കപ്പൽ സമ്മാനിക്കുന്നതെന്ന് നാവികസേനാ മേധാവി അറിയിച്ചു.
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ASEAN) ലെ ഒരു പ്രധാന രാജ്യമായ വിയറ്റ്നാമിന് ദക്ഷിണ ചൈനാ കടൽ മേഖലയിൽ ചൈനയുമായി പ്രാദേശിക തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ചൈനയ്ക്ക് എതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കനേഷ്യൻ രാജ്യങ്ങളുമായി കൂടുതൽ മികച്ച ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്.
ദക്ഷിണ ചൈനാ കടലിലെ വിയറ്റ്നാമീസ് കടലിൽ ഇന്ത്യയ്ക്ക് ചില എണ്ണ പര്യവേഷണ പദ്ധതികളുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും വിയറ്റ്‌നാമും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സമുദ്ര സുരക്ഷാ സഹകരണം വർധിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഐഎൻഎസ് കിർപാൺ വിയറ്റ്നാമിന് സമ്മാനിച്ചിരിക്കുന്നത്. 1991-ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് കിർപാൺ ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ സുപ്രധാന ഘടകമാണ്. കഴിഞ്ഞ 32 വർഷമായി നിരവധി ഓപ്പറേഷനുകളിൽ ഐഎൻഎസ് കിർപാൺ പങ്കെടുത്തിട്ടുണ്ട്. നൂറിലേറെ നാവികരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ യുദ്ധകപ്പലിന് 90 മീറ്റർ നീളവും 10.45 മീറ്റർ വീതിയും പരമാവധി 1,450 ടൺ വരെ വഹിക്കാനുള്ള ശേഷിയും ഉണ്ട്.
Discussion about this post