മൂത്തേടം: തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വടിവാൾ കണ്ടെടുത്തതായി വ്യാജപ്രചാരണം അഴിച്ചുവിടുകയും അതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ ബിജെപിയുടെ പ്രതിഷേധം. വീട്ടമ്മയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കാരപ്പുറം അങ്ങാടിയിൽ പ്രകടനം നടത്തി.
കാരപ്പുറത്തെ പ്രാദേശിക ബിജെപി നേതാവായ ഇന്ദ്രജിത് ലാലിന്റെ മാതാവ് യശോദയാണ് ജീവനൊടുക്കിയത്. തൊഴിലുറപ്പ് ജോലിക്കിടെ ഇവർ താമസിക്കുന്നതിന് സമീപമുളള പറമ്പിൽ നിന്ന് പഴയ ആയുധങ്ങൾ കണ്ടെടുത്തതായിട്ടായിരുന്നു പ്രചാരണം. തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ പ്രകടനവും നടത്തി. വ്യാജ പ്രചാരണം കുടുംബാംഗങ്ങളെ അപമാനിക്കുന്ന രീതിയിലേക്ക് വാട്‌സ് ആപ്പ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലും പടർന്നു.
മക്കൾ ബിജെപി ആർഎസ്എസ് പ്രവർത്തകരായതിന്റെ പേരിൽ മാത്രം യശോദയുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് എസ്ഡിപിഐയും സിപിഎം പ്രവർത്തകരും ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഒരാളുടെ ജീവൻ നഷ്ടമായിട്ടും ആ കുടുംബത്തെ ഇപ്പോഴും അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
സിപിഎം, എസ്ഡിപിഐ പ്രവർത്തകർ കുടുംബാംഗങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ വാട്‌സ്ആപ്പ് വഴിയുൾപ്പെടെ പ്രചാരണം നടത്തിയതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇനിയും ഒരു കുടുംബത്തിലും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സുഡാപ്പി, സിപിഎം കൂട്ടുകെട്ടിനെതിരെ പ്രതിരോധം തീർക്കുമെന്നും ഉത്മൂലന സിദ്ധാന്തത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിരോധമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജി തോമസ്, ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. ടികെ അശോക് കുമാർ, എടക്കര മണ്ഡലം പ്രസിഡന്റ് സുധി ഉപ്പട, മൂത്തേടം പ്രസിഡന്റ് സുരേഷ്‌കുമാർ, ബിജു എൻസി തുടങ്ങിയവർ പ്രസംഗിച്ചു. ഗോപൻ മരുത,ദീപു രാജഗോപാൽ, ഷിജു, ഭാസ്‌കരൻ, ഉണ്ണികൃഷ്ണൻ, സുധീഷ്, ലിബിൻ, ഷിബുരാജ്,എന്നിവർ നേതൃത്വം നൽകി.
Discussion about this post