വാഷിംഗ്ടൺ: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന് റീബ്രാൻഡിംഗ് പ്രഖ്യാപനവുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ബ്രാൻഡിനോടും ലോഗോയോടും വിട പറയേണ്ടി വരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. എക്സ് ലോഗോയുമായി നാളെ ട്വിറ്റർ ലൈവാകുമെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.നമ്മൾ ട്വിറ്റർ ബ്രാൻഡിനോടും കാലക്രമേണ എല്ലാ കിളികളോടും വിട ചൊല്ലും’ എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.
നിലവിൽ ‘നീലക്കിളി’ ആണ് ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോ. കഴിഞ്ഞ ഏപ്രിലിൽ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോൾ ചിത്രമായ ‘ഡോജ്’ നായയെ കുറച്ചു ദിവസത്തേയ്ക്കു ലോഗോ ആക്കിയിരുന്നു.
ഇന്ന് തന്നെ ട്വിറ്ററിന്റെ ഡിഫോൾട്ട് നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട് മസ്‌ക് ഒരു പോളിങ്ങും ട്വിറ്ററിൽ നടത്തിയിരുന്നു. ‘പ്ലാറ്റ്ഫോമിന്റെ ഡിഫോൾട്ട് നിറം കറുപ്പിലേക്ക് മാറ്റണോ’ എന്ന ചോദ്യത്തിനൊപ്പം വോട്ട് ചെയ്യുന്നതിനായി കറുപ്പ്, വെളള നിറങ്ങളിലെ ഇമോജികൾ ഓപ്ഷനായും നൽകിയിട്ടുണ്ട്. ഈ പോളിങ്ങിന് മികച്ച പ്രതികരണവും ഉപയോക്താക്കളിൽ നിന്നും ലഭിച്ചു.
കഴിഞ്ഞ വർഷമാണ് ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. നിരവധി പരിഷ്‌കാരങ്ങളാണ് ഇതിന് പിന്നാലെ മസ്‌ക് നടപ്പിലാക്കിയത്. ജീവനക്കാരെ പിരിച്ചുവിടുകയും ബ്ലൂ ടിക്കറ്റിന് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ലോഗോ മാറ്റുമെന്ന പ്രഖ്യാപനം ഈ ശ്രേണിയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണ്. മാസങ്ങൾക്ക് മുൻപാണ് എക്‌സ് കോർപറേഷൻ എന്ന സ്ഥാപനത്തിൽ ട്വിറ്റർ ലയിച്ചത്.
ഇതിന് മുൻപ് പുതിയ സിഇഒ ലിൻഡ യാക്കറിനോയെ സ്വാഗതം ചെയ്ത കുറിപ്പിൽ , ”ഈ പ്ലാറ്റ്ഫോമിനെ എക്സ് ആപ്പാക്കി മാറ്റുന്നതിന് ലിൻഡയ്ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു” എന്നാണ് പറഞ്ഞത്. ഒക്ടോബറിൽ, ”ട്വിറ്റർ വാങ്ങുന്നത് എല്ലാത്തിനുമുള്ള ആപ്പായ ‘എക്സ്’ നിർമിക്കുന്നതിന്റെ ഭാഗമാണ്” എന്നും പറഞ്ഞിരുന്നു
Discussion about this post