ന്യൂഡൽഹി : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാർ പിടിയിൽ. ഇന്തോ-നേപ്പാൾ അതിർത്തി കടന്ന് ബീഹാറിലെ ചംപരൻ ജില്ലയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സി നിവാസികളായ ഷാവോ ജിംഗ്, എഫ്യു കോങ് എന്നിവരെ ശനിയാഴ്ച രാത്രി 8.45 ന് റക്സോൾ ടൗണിലെ ഇന്ത്യൻ കസ്റ്റംസ് ഓഫീസിന് സമീപത്ത് വെച്ച് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്തതായി ഈസ്റ്റ് ചമ്പാരൻ പോലീസ് സൂപ്രണ്ട് (എസ്പി) കാന്തേഷ് കുമാർ മിശ്ര പറഞ്ഞു. ഇവർ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാനുണ്ടായ കാരണം വ്യക്തമല്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
പിടികൂടിയവരിൽ ഒരാൾക്ക് ഇംഗ്ലീഷ് അറിയാം. എന്നാൽ ഇവർ രണ്ട് പേരും പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. നേരത്തെയും ഇവർ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജൂലൈ രണ്ടിനാണ് രേഖകളില്ലാതെ ഇവരെ പിടികൂടിയത്. അന്ന് താക്കീത് നൽകി വിട്ടയയ്ക്കുക മാത്രമാണ് ചെയ്തത്.
Discussion about this post