ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിന്ന് പിടികൂടിയ ഐഎസ് ഭീകരർ പ്രവർത്തിക്കുന്നത് ഐഎസിന്റെ മൊഡ്യൂകളായിട്ടെന്ന് വിവരം. കേരളം, കർണാടക,ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വലയിലായ ഭീകരരാണ് തങ്ങൾ ഐഎസ് മൊഡ്യൂളുകളാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. എന്നാൽ അലിഗഡിൽ അറസ്റ്റിലായ ഝാർഖണ്ഡ് സ്വദേശി ഫൈസാൻ അൻസാരി (19), തമിഴ്‌നാടിലെ സത്യമംഗലം കാട്ടിൽ അറസ്റ്റിലായ മലയാളിയായ ആഷിഫ് എന്നിവർ കൂടുതലായി ബന്ധപ്പെട്ടതു നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിട്ടാണ്. ഇക്കാര്യം മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണോ ഇവർ ഐഎസ് മൊഡ്യൂളിന്റെ ഭാഗമാണെന്ന് രഹസ്യ സൈബർ കൂട്ടായ്മകളിൽ നടിച്ചതെന്നാണ് എൻഐഎ പരിശോധിക്കുന്നത്.
പ്രാദേശികമായി കൊള്ളകൾ നടത്തി പണം കണ്ടെത്താൻ സാധാരണയായി ഭീകരസംഘടനകൾ നിർദ്ദേശിക്കാറില്ല. പകരം കോടിക്കണക്കിന് രൂപയുടെ നാർക്കോട്ടിക്, ആയുധ ബിസിനസുകളാണ് ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്. എന്നാൽ രാജ്യാതിർത്തികളിൽ വൻ തോതിൽ ലഹരി മരുന്ന് പിടികൂടാൻ തുടങ്ങിയതോടെ ഇവർ രീതികൾക്ക് മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഇസ്ലാമിക് സ്‌റ്റേറ്റിൽ ആകൃഷ്ടരായ മലയാളി ഭീകരർക്ക് സിറിയയിൽ നിന്ന് ആയുധപരിശീലനം ലഭിച്ചതായാണ് വിവരം. ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് മൊഡ്യൂളുകൾ ആശയവിനിമയം നടത്താറുള്ളത്. ഇത് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ സജീവമായിക്കൊണ്ടിരുന്ന ഐഎസിന്റെ മൊഡ്യൂൾ തകർത്തതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്.പ്രമുഖ ആരാധനാലയങ്ങൾക്കും മതനേതാക്കൾക്കും നേരെ ആക്രമണത്തിന് കോപ്പു കൂട്ടിയ സംഘത്തിന്റെ വേരാണ് എൻഐഎ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലൂടെ അറുത്തത്.
രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം അനുസരിച്ച് കേരള പോലീസിന്റെ എടിഎസുമായി ചേർന്ന് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. സത്യമംഗലം കാട്ടിൽ വച്ച് തൃശൂർ സ്വദേശിയായ ഭീകര നേതാവ് ആഷിഫിനെ എൻഐഎ പിടികൂടിയിരുന്നു. ആഷിഫ് അടക്കം മൂന്ന് പേരാണ് സത്യമംഗലം കാട്ടിൽവച്ച് ഇന്നലെ അറസ്റ്റിലായത്. പിടിയിലായ സെയ്ദ് നബീൽ അഹമ്മദ്, ഷിയാസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഇവരുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഗൂഢാലോചന വെളിപ്പെടുത്തുന്ന തെളിവുകളും പിടിച്ചെടുത്തിരുന്നു.
Discussion about this post