തിരുവനന്തപുരം : യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടിത്താൻ മാരത്തൺ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ചർച്ചകൾക്കായി ഉദ്യോഗസ്ഥ സംഘം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ഇതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.
അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർമ്മയ്ക്കായി ഇതിന് യുഎഇ-കേരള സയിദ് ചാരിറ്റി മാരത്തോൺ 2023-24 എന്നാണ് പേര് നൽകിയിരിക്കുന്നത്. കേരളത്തിൽ വെച്ചാണ് മാരത്തൺ നടക്കുക. ചർച്ച നടന്നാലുടൻ മാരത്തണിനായി ടൂറിസം വകുപ്പ് സംസ്ഥാനത്ത് പുതിയ ഓഫീസ് തുറക്കും. കേരളത്തിലെ ആളുകൾ മാത്രമല്ല, മാരത്തൺ ചടങ്ങിൽ യുഎഇ സർക്കാർ പ്രതിനിധികളും ഭരണാധികാരികളും പങ്കെടുക്കും. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആണ് പരിപാടി നടക്കുക.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എ.എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല ഐഎഎസ്, ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഐഎഎസ്, സ്‌പോർട് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവരാണ് യുഎഇ സന്ദർശിക്കുന്നത്. എന്നാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല.
Discussion about this post