ചെന്നൈ : തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന നിർദ്ദേശം വിവാദമായതോടെ മലക്കംമറിഞ്ഞ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). താരങ്ങളുടെ കാര്യമല്ല ദിവസവേതനക്കാരായ തൊഴിലാളികളുടെ കാര്യമാണ് ഉദ്ദേശിച്ചത് എന്ന് സംഘടന വ്യക്തമാക്കി. അഭിനേതാക്കളെ വിലക്കാൻ തങ്ങളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‌സി ജനറൽ സെക്രട്ടറി പറഞ്ഞു.
ഇതരഭാഷകളിൽ നിന്നുള്ളവരെ തമിഴ് സിനിമയിൽ ഉൾപ്പെടുത്തരുത് എന്നാണ് ഫെഫ്‌സി അർത്ഥമാക്കിയത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ പ്രതിഷേധമാണ് മലയാള സിനിമാ രംഗത്ത് നിന്നും ഉയർന്നത്. തെലുങ്ക് സിനിമാ മേഖലയിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഫെഫ്‌സി നിലപാടിൽ വ്യക്തത വരുത്തിയത്.
സിനിമയിൽ 24 തരത്തിലുള്ള ജോലികൾ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് ഫെഫ്‌സി എന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന ദിവസവേതനക്കാരെ കുറിച്ചായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് ലൈറ്റ് എന്ന കമ്പനിയുമായി ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ഭൂരിഭാഗം തമിഴ് സിനിമകളും ഈ കമ്പനിയിടെ ലൈറ്റും മറ്റ് ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. അതിനാൽ ജോലിയിൽ തമിഴ് തൊഴിലാളികളെ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷമായി അക്കാര്യത്തിൽ ഒരു മാറ്റവും ഇല്ലാത്തതിനാൽ കമ്പനിയോട് നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് കൽപിച്ചിട്ടില്ല. പ്രധാന ടെക്‌നീഷ്യന്മാർ വരെ പുറത്ത് നിന്നാണ് വരാറുളളത്. ഡാൻസേഴ്‌സും ഫൈറ്റേഴ്‌സും തെലുങ്ക് സിനിമയിൽ പ്രവർത്തിക്കാറുണ്ട്. അതുപോലെ അവർക്കും ഈ രീതിയിൽ തമിഴ് സിനിമയിൽ പ്രവർത്തിക്കാമെന്നും ജനറൽ സെക്രട്ടറി വിശദീകരിച്ചു.
Discussion about this post