കൊച്ചി : എറണാകുളം വൈപ്പിനിൽ പതിനൊന്നു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുടുംബം ആലുവ എസ്പിയ്ക്ക് പരാതി നൽകി. പരാതിയിൽ വിശദമായി അന്വേഷണം നടത്താതെ പോലീസ് ആത്മഹത്യയെന്ന് ഉറപ്പിക്കുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു. ‘എന്റെ മോൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് തന്നെയാണ് ഞാൻ ഉറപ്പ് പറയുന്നത്’ കുട്ടിയുടെ അമ്മ പറഞ്ഞു.
മെയ് 29 നാണ് ആറാം ക്ലാസുകാരിയായ ശിവപ്രിയ ഞാറക്കലിലെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും ജോലിയ്ക്ക് പോയ സമയത്താണ് കുട്ടി മരിച്ചത്. സഹോദരിയും ആ സമയം വീട്ടിലുണ്ടായിരുന്നില്ല. 11 മണി വരെ അമ്മ സുനിതയുടെ ജോലി സ്ഥലത്തുണ്ടായിരുന്ന ശിവപ്രിയ, സന്തോഷത്തോടെയാണ് തിരിച്ച് വീട്ടിലേയ്ക്ക് പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിയപ്പോൾ നിലയിൽ മകളെ മരിച്ച കാണുകയായിരുന്നു എന്ന് അമ്മ സുനിത പറയുന്നു.
മൃതദേഹത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നു. ശിവപ്രിയയുടെ കൈയ്യക്ഷരമല്ല ആത്മഹത്യ കുറിപ്പില്ലെന്നും, വസ്ത്രധാരണവും പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നെന്ന് കുടുംബം പറഞ്ഞു. ഇതൊന്നും വേണ്ട വിധത്തിൽ അന്വേഷിക്കാതെ ആത്മഹത്യയെന്ന് പോലീസ് എഴുതി തളളുകയായിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി.
ശിവപ്രിയയുടെ മരണത്തിനു പിന്നാലെ കുടുംബം മറ്റൊരു വാടക വീട്ടിലേയ്ക്ക് താമസം മാറിയിരിക്കുകയാണ്. മകളുടെ മരണത്തിലെ ദുരൂഹത നീക്കി സത്യസന്ധമായി അന്വേഷിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.












