യുഎഇ: പിഎസ്ജിയുടെ സൂപ്പർ താരം എംബാപ്പെയെ സ്വന്തമാക്കാനായി റെക്കോർഡ് തുക പ്രഖ്യാപിച്ച് സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനായി റെക്കോർഡ് തുകയായ 332 മില്ല്യൺ യുഎസ് ഡോളറാണ് ( ഏകദേശം 2725 കോടി ഇന്ത്യൻ രൂപ) ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഫ്രഞ്ച് ഫുട്ബോൾ പ്ലേയറായ എംബാപ്പെ നിലവിൽ സെയിന്റ് ജർമ്മൻ ക്ലബിലെ (പിഎസ്ജി) ഫോർവേർഡ് കളിക്കാരനാണ്. ഊഹാപോഹങ്ങൾക്കിടയിൽ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അൽ ഹിലാൽ ക്ലബിന്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പായിരിക്കും. 2018 ലെ ലോകകപ്പിൽ എംബാപ്പയിലൂടെ അത്യുഗ്രൻ പ്രകടനമാണ് ഫ്രാൻസ് കാഴ്ച്ചവെച്ചിട്ടുണ്ടായിരുന്നത്.
ഈ 24 കാരന്റെ നിലവിലെ താര മൂല്യം 94.8 മില്ല്യൺ ഡോളർ മുതൽ 157.9 മില്ല്യൺ ഡോളർ വരെയാണ്. എംബാപ്പ ഒരാഴ്ച്ച പിഎസ്ജിയിലൂടെ സമ്പാദിക്കുന്നത് 2 മില്ല്യൺ ഡോളർ ആണ്.
റെയൽ മാൻഡ്രിഡ്, ചെൽസിയ, ന്യൂകാസ്റ്റൽ എന്നീ ക്ലബുകളും താരത്തിനുവേണ്ടി കടുത്ത വിലപേശലാണ് നടത്തുന്നത്. എന്നാൽ എംബാപ്പെ ഇതുവരെ ആരുമായും കരാറിലോ ചർച്ചയിലോ ഏർപ്പെട്ടിട്ടില്ല.
ക്ലബിൽ തന്നെ തുടരാൻ വേണ്ടി പിഎസ്ജി നേരത്തെ 9124 കോടി രൂപ 10 വർഷത്തേയ്ക്ക് എംബാപ്പെയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു.
പിഎസ്ജി അടുത്ത വർഷം എംബാപ്പെയെ കൈമാറുമെന്നുളള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 2024 ഓടു കൂടി സ്പയിനിലെ റെയൽ മാൻഡ്രിഡിലേയ്ക്ക് എംബാപ്പെ ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post