മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഗഡ്ചിരോളി ജില്ലയിലായിരുന്നു സംഭവം. ഛത്തീസ്ഗഡ് സ്വദേശികളായ അദമ ജോഗ മാധവി, തുഗേ കാരു എന്നിവരാണ് കീഴടങ്ങിയത്. ഇവരെ സർക്കാർ പദ്ധതി പ്രകാരം പുന:രധിവസിപ്പിക്കും.
ഗഡ്ചിരോളി പോലീസ് മുൻപാകെയാണ് ഇരുവരും കീഴടങ്ങിയത്. ഇവരുടെ ആയുധങ്ങളും പോലീസിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളിലും അക്രമങ്ങളിലും മനംമടുത്താണ് ഇവർ കീഴടങ്ങിയത്. ഇതിന് പുറമേ കമ്യൂണിസ്റ്റ് ഭീകരവാദം ഉപേക്ഷിക്കുന്നവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ ആകൃഷ്ടരായതും കീഴടങ്ങാൻ പ്രേരകമായി.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് അദമയും തുഗേയും. ഇവരുടെ തലയ്ക്ക് നാല് ലക്ഷം രൂപ വീതമാണ് വിലയിട്ടിരുന്നത്. 2014 ലാണ് അദമ കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. ഇതുവരെ എട്ടോളം തവണ ഇയാൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് കൊലപാതക കേസുകളിലും പ്രതിയാണ്. 2012 ലായിരുന്നു തുഗേ കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. ഇയാൾക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്.
ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ കമ്യൂണിസ്റ്റ് ഭീകരർ രക്തസാക്ഷി വാരമായി ആചരിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒഡീഷയിലെയും ഛത്തീസ്ഗഡിലും കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയിരുന്നു.
Discussion about this post