ലണ്ടന്‍: അറിവില്ലാത്ത ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമെന്ന് സര്‍വേ. ലണ്ടനിലെ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്സോസ് മോറി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മെക്സിക്കോയാണ് ഒന്നാമത്.
അസമത്വം, മതമില്ലാത്തവര്‍, വനിതകളുടെ തൊഴില്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. 33 രാജ്യങ്ങളില്‍ നിന്നായി 25,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
ഈ വിഷയങ്ങളിലെല്ലാം തന്നെ ഇന്ത്യാക്കാരും മെക്സിക്കോക്കാരും ഒട്ടും കൃത്യതയില്ലാത്തവരാണ്. ദക്ഷിണ കൊറിയയിലെ ജനങ്ങളാണ് ഏറ്റവും കൃത്യതയുള്ളവര്‍. അയര്‍ലണ്ടാണ് കൊറിയയ്ക്ക് പിന്നില്‍. ഗ്രാമീണ മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. 60 ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യമാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 41 ശതമാനം പേര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് പ്രാപ്തമാവുന്നുള്ളൂ എന്നതാണ് വസ്തുത.
പൊണ്ണത്തടി, കുടിയേറ്റം, മാതാപിതാക്കളുമൊത്തുള്ള ജീവിതം, ഗ്രാമീണ ജീവിതം തുടങ്ങിയവ സംബന്ധിച്ചും സര്‍വേയില്‍ ചോദ്യങ്ങള്‍ ജനങ്ങളോട് ചോദിച്ചു. ഇന്ത്യയുടെ ആകെ സ്വത്തിന്റെ 70 ശതമാനവും കൈയാളുന്നത് ഒരു ശതമാനമാണെന്ന കാര്യവും സര്‍വേയില്‍ തെളിഞ്ഞു. ഇന്ത്യയില്‍ മതമില്ലാത്തവര്‍ ഒരു ശതമാനത്തിനും താഴെയാണെന്ന വസ്തുത നിലനില്‍ക്കെ അത് 33 ശതമാനം ആണെന്ന വിവരമാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പങ്കുവച്ചത്.
രാഷ്ട്രീയക്കാരായ വനിതകളുടെ കാര്യത്തിലും ഇന്ത്യ അജ്ഞരാണ്. ഇന്ത്യയെ കൂടാതെ, കൊളംബിയ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്ന് ചിന്തിക്കുന്നവരാണെന്നും സര്‍വേ പറയുന്നു.
തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 29 ശതമാനമാണെന്ന് ഇസ്രായേല്‍ പറയുമ്പോള്‍ ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ചിലി എന്നീ രാജ്യങ്ങള്‍ കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതായി വിശ്വസിക്കുന്നു.
Discussion about this post