ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം. ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യവെയാണ് യുവതിയ്ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു എസ് ആർ നഗർ സ്വദേശി കുരുവെട്ടപ്പയാണ് പിടിയിലായത്.
ബൈക്കിൽ പോകുന്നതിനിടെയാണ് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന യുവതി വീടിന് 200 മീറ്റർ അകലെ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതി നിരന്തരമായി ഫോണിലൂടെ വിളിക്കുകയും വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭാഗ്യംകൊണ്ടാണ് താൻ അക്രമിയിൽ നിന്നും രക്ഷപ്പെട്ടതെന്ന് യുവതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതി, സുഹൃത്തിന്റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് ഡ്രൈവറായി എത്തിയത്. ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോ പാനിക് ബട്ടനോ ഇല്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോ. ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് യുവതി പറഞ്ഞു.
Discussion about this post