ബംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ-3 അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. 236 കിലോമീറ്റർ കുറഞ്ഞ ദൂരവും, 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള അഞ്ചാം ഭ്രമണപഥത്തിലേക്കാണ് ചാന്ദ്രയാൻ മൂന്ന് പ്രവേശിച്ചിരിക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള ചാന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.
അടുത്ത മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഐ എസ് ആർ ഒ പൂർത്തിയാക്കും. ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം പ്രവേശിക്കുന്ന ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ആണ് അടുത്ത ഘട്ടം. ഇത് 2023 ഓഗസ്റ്റ് 1 ന് ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും ഇടയിൽ നടക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. അഞ്ചാം തീയതി ചന്ദ്രന്റെ ഗുരുത്വാകർഷണം പേടകത്തെ പിടിച്ചെടുക്കും.
ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഭ്രമണപഥം താഴ്ത്തലിന് ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിങ്. എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ ഓഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രനിലേക്ക് ഇറങ്ങും
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ജൂലൈ 14 നായിരുന്നു ചന്ദ്രയാൻ -3 കുതിച്ചുയർന്നത്. ഇന്ത്യയുടെ വിജയം വാനോളം ഉയരുന്നത് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് ഒരു കൂട്ടം ജനത.
Discussion about this post