ന്യൂഡൽഹി : ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിരോധനം ഏർപ്പെടുത്തി ദേശീയ പാത അതോറിറ്റി(എൻഎച്ച്എഐ). ഓഗസ്റ്റ് ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. എക്‌സ്പ്രസ് ഹൈവേയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറുകൾ, ഇലക്ട്രിക് റിക്ഷകൾ, സൈക്കിളുകൾ, മൾട്ടി ആക്‌സിൽ ഹൈഡ്രോളിക് വാഹനങ്ങൾ, ക്വാഡ്രി സൈക്കിളുകൾ എന്നീ വാഹനങ്ങൾക്കും നിരോധനമുണ്ട്. ഇവയ്ക്ക് ഇരുവശങ്ങളിലേയും സർവീസ് റോഡുകൾ ഉപയോഗിക്കാം. പ്രധാന പാതയൊഴിച്ച് മറ്റ് റൂട്ടുകളിലൂടെയും ഈ വാഹനങ്ങൾക്ക് സഞ്ചരിക്കാം.
ബംഗളൂരുവിലെ കെങ്കേരിക്ക് സമീപമുള്ള പഞ്ചമുഖി ക്ഷേത്രം മുതൽ മൈസൂരിലെ മണിപ്പാൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ 118 കിലോമീറ്റർ നീളത്തിലാണ് എക്സ്പ്രസ് വേ എൻഎച്ച്എഐ നിർമ്മിച്ചിരിക്കുന്നത്. എക്‌സ്പ്രസ് വേയിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 80 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയാണ്. ഹെവി സ്പീഡ് വാഹനങ്ങളുടെ സഞ്ചാരം താരതമ്യേന വേഗത കുറഞ്ഞ വാഹനങ്ങളെ അപകടകത്തിൽ പെടുത്താൻ സാധ്യതയുണ്ടെന്ന് ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ എൻഎച്ച് ലാൻഡ് ആൻഡ് ട്രാഫിക് ആക്ട് പ്രകാരം ആറ് വിഭാഗത്തിലുള്ള വാഹനങ്ങൾ നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നാണ് അറിയിപ്പ്. അതേസമയം ഈ വാഹനങ്ങൾക്ക് സർവീസ് റോഡുകൾ ഉപയോഗിക്കാവുന്നതാണ്. എക്‌സ്പ്രസ് വേയിൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് യാത്രക്കാരിൽ അവബോധം സൃഷ്ടിക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.
Discussion about this post