ന്യൂഡൽഹി; മൂന്നാമൂഴത്തിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസന യാത്രയ്ക്ക് തടയിടാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ഐടിപിഒ പ്രദർശന, കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
നീതി ആയോഗിന്റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ രാജ്യത്തെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുൾപ്പെടെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മൂന്നാമൂഴത്തിൽ തങ്ങളുടെ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇന്ത്യയിലെ അതിദാരിദ്ര്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ തന്നെ പറയുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി തന്റെ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലാണ് നയിച്ചതെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു.
നല്ല പദ്ധതികളെ വിമർശിക്കുകയും അതിന് തടസമുണ്ടാക്കുകയുമാണ് ചിലരുടെ രീതിയെന്നും പ്രതിപക്ഷ പാർട്ടികളെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. കർത്തവ്യ പഥ് നിർമിച്ചപ്പോൾ ഒരുപാട് വാർത്തകൾ മാദ്ധ്യമങ്ങളുടെ ഒന്നാം പേജിൽ ഇടംപിടിച്ചു. വിഷയം കോടതിയിൽ വരെയെത്തി. പക്ഷെ അത് പൂർത്തീകരിച്ചപ്പോൾ വിമർശിച്ചവർക്ക് തന്നെ അത് നല്ലതാണെന്ന് പറയേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വികസനം വേണമെങ്കിൽ വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും വലിയ ലക്ഷ്യങ്ങൾ ഉണ്ടാകുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് വലുതായി ചിന്തിക്കുക, വലുതായി സ്വപ്‌നം കാണുക, വലുതായി പ്രവർത്തിക്കുക എന്ന തത്വത്തിൽ തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post