ബെംഗളൂരു : ഇന്ത്യ ഏറെ കാത്തിരിക്കുന്ന മറ്റൊരു ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണ ദൗത്യങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഐഎസ്ആർഒ. ഗഗൻയാൻ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം കൂടുതൽ പരിഷ്കരിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്.
മൂന്നുപേരടങ്ങുന്ന ഒരുസംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് 3 ദിവസത്തെ ദൗത്യത്തിനായി വിക്ഷേപിക്കുകയും ശേഷം അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് ഇന്ത്യൻ സമുദ്രജലത്തിൽ ഇറക്കുകയും ചെയ്ത് മനുഷ്യ ബഹിരാകാശ യാത്രയുടെ കഴിവ് തെളിയിക്കുക എന്നതാണ് ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയുടെ എൽവിഎം-3 റോക്കറ്റ് ആണ് ഗഗൻയാൻ ദൗത്യത്തിൽ വിക്ഷേപണ വാഹനമായി ഉപയോഗിക്കുന്നത്. 2025 നു മുൻപായി ഈ ദൗത്യം പൂർത്തിയാക്കാൻ ആകും എന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.
സർവീസ് മൊഡ്യൂളിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഹോട്ട് ടെസ്റ്റുകളാണ് ഇപ്പോൾ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ആദ്യ ഹോട്ട് ടെസ്റ്റ് 2023 ജൂലൈ 19-ന് നടത്തിയിരുന്നു. ഇനിയും മൂന്നു ടെസ്റ്റുകൾ കൂടി നടത്താനായുണ്ട്. ഇന്ന് നടത്തിയ ടെസ്റ്റുകൾ വിജയകരമായിരുന്നെന്നും എൽഎഎം എഞ്ചിനുകളും റിയാക്ഷൻ കൺട്രോൾ സിസ്റ്റവും ത്രസ്റ്ററുകളും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചുവെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
Discussion about this post