രാജ്കോട്ട് : ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിന് സമീപമുള്ള ഹിരാസറിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് ഈ പുതിയ വിമാനത്താവളം ഔദ്യോഗികമായി അറിയപ്പെടുന്നത്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തെ മറ്റു നിരവധി സുപ്രധാന പദ്ധതികളും അനാച്ഛാദനം ചെയ്തു.
പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ ഭാഗമായി 2,654 കോടി രൂപ മുതൽമുടക്കിലാണ് രാജ്‌കോട്ട് ഹിരാസർ അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചിട്ടുള്ളത്. രാജ്‌കോട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയായി NH-27 ന് സമീപമുള്ള ഹിരാസർ ഗ്രാമത്തിൽ 2,534 ഏക്കർ വിസ്തൃതിയിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത് . വിമാനത്താവളം നിർമിക്കുന്നതിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർണായക പങ്കുവഹിച്ചു.
2017 ഒക്ടോബർ 7 ന് ആണ് വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു തറക്കല്ലിടൽ ചടങ്ങിനും അധ്യക്ഷത വഹിച്ചിരുന്നത്. എയർബസ് എ 380 , ബോയിംഗ് 747 , ബോയിംഗ് 777 എന്നിവ പോലെയുള്ള വൈഡ് ബോഡി വിമാനങ്ങളും കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ഈ വിമാനത്താവളം. 14 വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുയോജ്യമായ ഒരു ഏപ്രൺ, മൂന്ന് കൺവെയർ ബെൽറ്റുകൾ, 20 ചെക്ക്-ഇൻ കൗണ്ടറുകൾ എന്നിങ്ങനെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാജ്കോട്ട് നഗരത്തിലെ പഴയ വിമാനത്താവളത്തിന്റെ സ്ഥലപരിമിതി കാരണം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതുകൊണ്ടാണ് 36 കിലോമീറ്റർ അകലെയായി ഈ പുതിയ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post